പട്ന: 2024 ലെ പൊതു തെരഞ്ഞെടുപ്പിലും നരേന്ദ്ര മോഡി തന്നെ ബിജെപിയെ നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്ത ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന.
മോഡിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോഡിയുടെ വ്യക്തി പ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പോഷക സംഘടനകളെ ശക്തമാക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു.
ബിഹാറിലേത് അടക്കമുള്ള ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും വ്യക്തമാക്കി. നിതീഷ് കുമാര്‍ ഇനിയൊരിക്കലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോഡിയും പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ ടിവി നടത്തിയ സര്‍വേ ഫലം ബിജെപിക്ക് ആശ്വാസം പകരുന്നതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ഒറ്റയ്ക്ക് 326 സീറ്റ് വരെ നേടുമെന്ന് സര്‍വേ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാകും നടത്തുകയെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.