നാഷ്‌വില്ലിൽ മേളകലാരത്നം കലാമണ്ഡലം ശിവദാസിൻറെ നേതൃത്വത്തിൽ പഞ്ചാരി മേളം

നാഷ്‌വില്ലിൽ മേളകലാരത്നം കലാമണ്ഡലം ശിവദാസിൻറെ നേതൃത്വത്തിൽ പഞ്ചാരി മേളം

നാഷ്‌വില്ല്: നാഷ്‌വില്ലിലെ മേളപ്രേമികളെയാകെ വിസ്മയിപ്പിച്ചുകൊണ്ട് മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസിൻറെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ നാഷ്‌വില്ല് ടെന്നിസ്സിയിലെ ശിഷ്യന്മാർ പഞ്ചാരിമേളം അവതരിപ്പിച്ചു. ചെമ്പടവട്ടങ്ങളെ അഞ്ച് കാലങ്ങളിൽ കാലപ്പൊരുത്തം കൈവിടാതെ കൊട്ടിക്കയറിയ താളപെരുപ്പം ശ്രവണമധുരമായി. കേരള അസോസിയേഷൻ ഒഫ് നാഷ്‌വിൽ (KAN) -ഉം ഗണേശ ടെമ്പിൾ നാഷ്‌വിൽ -ഉം ചേർന്ന് സംഘടിപ്പിച്ച, ശ്രീ ശിവദാസിനെ ആദരിക്കുന്നതിൻറെ ഭാഗമായി, അദ്ദേഹത്തിൻറെ ശിഷ്യമാരുടെ അരങ്ങേറ്റം നടത്തുന്ന ചടങ്ങായിരുന്നു വേദി. വർഷങ്ങളുടെ സാധനയുടെ മധുരഫലമായി മാറി അരങ്ങേറ്റം. ക്ഷേത്രം പൂജാരിമാർ പൂജ നടത്തി, വിവിധ സംഘടനകളുടെ പ്രതിനിധികൾ നിലവിളക്ക് കൊളുത്തി, ശിവദാസ് ആശാൻ തന്നെ ഇടക്കകൊട്ടി കല്യാണി പത്യാരിയും അഭിരാമി അനിലും സോപാനം പാടി ആദര-അരങ്ങേറ്റ ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. ശിവദാസ് ആശാൻ പൂജിച്ച ചെണ്ടക്കോലുകൾ ശിഷ്യർക്ക് നല്കി അരങ്ങേറ്റത്തിന്‌ നാന്ദി കുറിച്ചു.
തുടർന്ന് ശ്രീ ശിവദാസിൻറെ ശിഷ്യ കൂടിയായ ഷീബ മേനോൻ ആശാനെയും പഞ്ചാരിമേളത്തിൻറെ വിവിധ ഘടകങ്ങളേയും കാലങ്ങളേയും സദസ്സിന്‌ പരിചയപ്പെടുത്തി. പിന്നീട് നടന്ന മേളത്തിൽ ശ്രീ ശിവദാസിൻറെ ശിഷ്യന്മാരായ അനിൽകുമാർ ഗോപാലകൃഷ്ണൻ, വിജയ് മേനോൻ, അനിൽ പത്യാരി, സൂരജ് മേനോൻ, ഷീബ മേനോൻ, മനോജ് നായർ, രാകേഷ് കൃഷ്ണൻ, രമേഷ് ഇക്കണ്ടത്ത്, വിജയൻ കുന്നത്ത് എന്നിവർ ശ്രീ ശിവദാസിനോടൊപ്പവും ശ്രീ രാജേഷ് നായരോടൊപ്പവും മേളം കൊട്ടി അരങ്ങേറ്റം കുറിച്ചു. ഡിട്രോയിറ്റിൽ നിന്നും വന്ന മേള കലാകാരന്മാർ വലന്തലയുടെയും, ഇലത്താളത്തിന്റെ അകമ്പടിയേന്തിയും മേളത്തിന്‌ മിഴിവേകി.
സദസ്സിനെയാകെ നിർന്നിമേഷരാക്കിയ മേളത്തിനുശേഷം ശ്രീ കലാമണ്ഡലം ശിവദാസനെ ആദരിക്കുന്ന ചടങ്ങ് ആരംഭിച്ചു. ഗണേശ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ചന്ദ്രമൗലി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കേരള അസോസിയേഷൻ ഒഫ് നാഷ്‌വിൽ മുൻ പ്രസിഡണ്ട് സാം ആന്റോ പ്രശസ്തി പത്രം വായിച്ച ശേഷം, കർണാടക സംഗിത വിദ്വാനും വാന്റർബിൽട് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഡോ. ശങ്കരൻ മഹാദേവനും, വാന്റർബിൽട് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ. സുശീല സോമരാജനും ചേർന്ന് പ്രശസ്തി പത്രം സമ്മാനിച്ചു. പിന്നീട് കേരള അസോസിയേഷൻ ഒഫ് നാഷ്‌വില്ലിനു വേണ്ടി പ്രസിഡണ്ട് രാകേഷ് കൃഷ്ണൻ പൊന്നാടയും, സെക്രട്ടറി ശങ്കർ മന മമെന്റോയും, വൈസ് പ്രസിഡണ്ട് ഷിബു പിള്ള ടോക്കൺ ഒഫ് അപ്രീസിയേഷനും നല്കി ആദരിച്ചു. കാൻ മുൻ പ്രസിഡണ്ടും ക്ഷേത്രം കൾച്ചറൽ കമ്മിറ്റി മെമ്പറുമായ അശോകൻ വട്ടക്കാട്ടിലും, കാനിൻറെ ജോയിൻറ് ട്രഷററുമായ അനിൽകുമാർ ഗോപാലകൃഷ്ണനും ആദര-അരങ്ങേറ്റ ചടങ്ങിൻറെ പ്ലാനിങ്ങ് ഘട്ടം മുതൽ സമാപന ദിവസം വരെ ആദ്യന്തം നേതൃത്വം നല്കി. ശ്രീ ശിവദാസ് സദസ്സിനും സംഘാടകർക്കും തനിക്ക് നല്കിയ ആദരവിന്‌ കൃതജ്ഞത പ്രകാശിപ്പിച്ചു
ഇന്ത്യൻ അസോസിയേഷൻ ഒഫ് നാഷ്‌വിൽ ട്രഷറർ ആദർശ് രവീന്ദ്രൻ, കാൻ ട്രഷറർ അനിൽ പത്യാരി, കാൻ കൾച്ചറൽ കമ്മിറ്റി ചെയർ മനോജ് രാജൻ, ഫൂഡ് കമ്മിറ്റി ചെയർ മഞ്ജീഷ് മഹാദേവൻ, നിർമാല്യം സത്സംഘം കാര്യകർത്താക്കൾ രാജീവ് ചന്ദ്രമന, ആശ പത്യാരി എന്നിവരും, കാൻ വോളണ്ടിയർമാരായ അനീഷ് കാപ്പാടൻ, ബിനോപ് ഭാനുമാൻ, ഹരി മേനോൻ, മറ്റ് കാൻ എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ നേതൃത്വം നല്കി. ചടങ്ങിലുടനീളം ശ്രീമതി ലീന ജോർജ്ജ് എംസിയായിരുന്നു.
ഗുരുശ്രീ മേളകലാരത്നം കലാമണ്ഡലം ശിവദാസ്
ശ്രീ ശിവദാസ് പാലക്കാട് ജില്ലയിൽ കൊല്ലങ്ങോട് പ്രസിദ്ധ സംഗീത കുടുംബത്തിൽ 1964-ൽ ജനിച്ചു. കേരള കലാമണ്ഡലം യൂണിവേഴ്സിറ്റിയിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും നേടി 1986 മുതൽ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ കലാനിലയത്തിൽ തൻറെ ജോലി ആരംഭിച്ചു. ഇപ്പോൾ ഡിപ്പാർട്ട്മെന്റിൻറെ തലവനായി പ്രവർത്തിക്കുന്നു. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനുഗൃഹീത കലാകാരനാണ്‌ ശ്രീ ശിവദാസ്. ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോഴ്സിന്റെ സീനിയർ ഫെല്ലോഷിപ്പടക്കം നിരവധി അവാർഡുകൾ കേരളത്തിലും പുറത്തും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.
ശ്രീ ശിവദാസ് മുപ്പതിലേറെ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അനേകം സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും എ-ഗ്രേഡ് ആർട്ടിസ്റ്റായ അദ്ദേഹം ‘ചെണ്ട പഠനസഹായി’ ‘ഇലഞ്ഞിത്തറ മേളം’ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കാലിഫോർണിയ, അരിസോണ, മിഷിഗൻ, ഇല്ലിനോയ്, മാസ്സച്യൂസറ്റ്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ തുടങ്ങി അമേരിക്കയിലു ടനീളവും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിന്‌ ശിഷ്യ ഗണങ്ങളുണ്ട്. ശ്രീ ശിവദാസ് കുടുംബത്തോടോപ്പം ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു. സഹധർമ്മിണി: സിന്ധു ശിവദാസ്, കുട്ടികൾ: ഐശ്വര്യ, അപർണ്ണ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.