മൂന്ന് ദിവസം കൂടി അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍: ഇന്ന് ഇതുവരെ ആറ് മരണം; മലയോരങ്ങളില്‍ വന്‍ നാശം

മൂന്ന് ദിവസം കൂടി അതിതീവ്ര മഴയെന്ന്  കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍: ഇന്ന് ഇതുവരെ ആറ് മരണം; മലയോരങ്ങളില്‍ വന്‍ നാശം

കൊച്ചി/ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ ജനമണി. 2018 ന് സമാനസ്ഥിതി ഉണ്ടാവില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത 72 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാവാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

പത്ത് ജില്ലകളിലും ഏഴ് ഡാമുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി.

നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ എന്നീ നദികളില്‍ പ്രളയ മുന്നറിയിപ്പും നല്‍കി.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ഇതുവരെ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പേരാവൂരില്‍ രണ്ടര വയസുകാരിയടക്കം രണ്ടുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. കൂട്ടിക്കല്‍, കോതമംഗലം, ചേരാനല്ലൂര്‍, വൈക്കം എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ആള്‍നാശവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചില കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്. പരിസരവാസികളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മണ്ണിനടിയില്‍ പെട്ട ചന്ദ്രന്‍ എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് നാലാം തീയതിവരെ വിനോദയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അട്ടപ്പാടിയിലേക്കും യാത്രയ്ക്ക് വിലക്കുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ 49 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 757 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 94 വീടുകളില്‍ നിന്നാണ് ആളുകളെ മാറ്റിയത്. കോട്ടയത്ത് മാത്രം 15 ക്യാമ്പുകളാണ് തുറന്നത്. എറണാകുളം ഏലൂരില്‍ നൂറോളം വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ പ്രദേശത്ത് രണ്ട് ക്യാമ്പുകള്‍ തുറന്നു. പത്തനംതിട്ടയില്‍ പത്ത് ക്യാമ്പുകളാണ് തുറന്നത്.

ചാലക്കുടിയില്‍ അഞ്ച് ക്യാമ്പുകളും ആരംഭിച്ചു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ വീതം തുറന്നു. ഇതിനിടെ നാളെ തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ മാറ്റിവച്ചതായി സാസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.