ഡ്രൈവിംഗ് ലൈസന്‍സ് മൊബൈല്‍ നേത്രപരിശോധന സേവനം സജ്ജമാക്കി ദുബായ് ആ‍ർടിഎ

ഡ്രൈവിംഗ് ലൈസന്‍സ് മൊബൈല്‍ നേത്രപരിശോധന സേവനം സജ്ജമാക്കി ദുബായ് ആ‍ർടിഎ

ദുബായ്: വാഹന ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള നടപടിക്രമങ്ങള്‍ പുനക്രമീകരിച്ച് ദുബായ്. ഇതിന്‍റെ ഭാഗമായി ക്ലിക്ക് ആന്‍റ് ഡ്രൈവ് സംരംഭം ആരംഭിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. വാഹന രജിസ്ട്രേഷന്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷനെ പിന്തുണയ്ക്കുന്നതിനും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമായി നിരവധി സംരംഭങ്ങളാണ് ആരംഭിച്ചിട്ടുളളതെന്ന് ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.


ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുമ്പോഴും പുതുക്കുമ്പോളും ഉപഭോക്താവിന്‍റെ സമയത്തിനും സൗകര്യത്തിനും അനുസൃതമായി മൊബൈല്‍ നേത്ര പരിശോധന സേവനവും ലഭ്യമാകും. ഇതോടെ ഡ്രൈവിംഗ് ലൈസന്‍സ് തല്‍ക്ഷണം പുതുക്കാന്‍ സാധിക്കുമെന്നുളളതാണ് പ്രധാന നേട്ടം. അല്‍ ജാബർ ഒപ്റ്റിക്കല്‍സുമായി സഹകരിച്ചാണ് നിലവില്‍ ആർടിഎ സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഭാവിയില്‍ അംഗീകൃത സേവന ദാതാക്കളെ കൂടി ഉള്‍പ്പെടുത്തി ഇത് വിപുലീകരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.

പരിശോധനയ്ക്ക് ശേഷം, ഉപഭോക്താവിന് പരിശോധനാ ഫലം ഡൗൺലോഡ് ചെയ്യാനും ലൈസൻസ് പുതുക്കാനും പുതിയ ലൈസൻസിന്‍റെ ഇലക്ട്രോണിക് അല്ലെങ്കിൽ പ്രിന്‍റ് ചെയ്ത പകർപ്പ് സ്വീകരിക്കാനും കഴിയുമെന്നും ആർടിഎ വ്യക്തമാക്കി. ക്ലിക്ക് ആന്‍റ് ഡ്രൈവിലൂടെ നടപടിക്രമങ്ങള്‍ 12 ല്‍ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ട്. 


ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കി മാറ്റുകയെന്നുളള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് നവീന നടപടിക്രമങ്ങള്‍ ആർടിഎയും പ്രാവർത്തികമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.