കേന്ദ്ര സര്‍ക്കാരിനെതിരായ റേഷന്‍ വ്യാപാരികളുടെ ധര്‍ണയില്‍ പ്രധാനമന്ത്രിയുടെ സഹോദരനും

കേന്ദ്ര സര്‍ക്കാരിനെതിരായ റേഷന്‍ വ്യാപാരികളുടെ ധര്‍ണയില്‍ പ്രധാനമന്ത്രിയുടെ സഹോദരനും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ധര്‍ണയില്‍ പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡിയും പങ്കെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോഡി. ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ ബാനറുകള്‍ പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരക്കാര്‍ അണി നിരന്നത്.

നിലനില്‍പ്പിന് വേണ്ടിയുള്ള തങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിരത്തി റേഷന്‍ വ്യാപാരി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മെമ്മോറാണ്ടം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ജീവിതച്ചെലവും കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഓവര്‍ഹെഡ് ചെലവുകളും വര്‍ധിച്ച സാഹചര്യത്തില്‍ മാര്‍ജിനില്‍ കിലോയ്ക്ക് 20 പൈസ എന്ന വര്‍ധനവ് ക്രൂരമായ തമാശയാണ്.

തങ്ങള്‍ക്ക് ആശ്വാസം നല്‍കാനും സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു.

ഭക്ഷ്യ എണ്ണ, പയറുവര്‍ഗങ്ങള്‍, എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ ന്യായവില കടകള്‍ വഴി വിതരണം ചെയ്യണമെന്നും ഇതിനായി 'പശ്ചിമ ബംഗാള്‍ റേഷന്‍ മോഡല്‍' രാജ്യത്തുടനീളം നടപ്പാക്കണമെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനയായ എഐഎഫ്പിഎസ്ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ ന്യായവില ഡീലര്‍മാരെ അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.