തീരദേശ ജനതയോടുള്ള സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ പ്രഖ്യാപനവുമായി കെ.സി.വൈ.എം. അർദ്ധ വാർഷിക സെനറ്റ് സമ്മേളനം

തീരദേശ ജനതയോടുള്ള സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ പ്രഖ്യാപനവുമായി കെ.സി.വൈ.എം. അർദ്ധ വാർഷിക സെനറ്റ് സമ്മേളനം

തിരുവനന്തപുരം: കേരളത്തിന്റെ ജവാൻമാർ എന്ന് ലോകം പ്രകീർത്തിച്ച തീരദേശ ജനതയുടെ ജീവൽ പ്രശ്നങ്ങൾക്ക്‌ നേരെ മുഖം തിരിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയും തീരദേശ ജനതയും നടത്തുന്ന സമര പോരാട്ടങ്ങൾക്ക്‌ സമര വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെ.സി.വൈ.എം. സംസ്ഥാന അർദ്ധ വാർഷിക സെനറ്റ് സമ്മേളനം. ഭീതിയുടെ മുനമ്പിലായിരിക്കുന്ന തീരദേശ ജനതയുടെ ആശങ്കകൾ പരിഹരിച്ച്, വർഷങ്ങളായി തുടർന്നു വരുന്ന അവഗണന ഒഴിവാക്കി ജനതയുടെ ജീവിതം സുസ്ഥിരമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ 44-മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.സി.വൈ.എം. കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടന്ന സെനറ്റ് സമ്മേളനത്തിന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിൽ അധ്യക്ഷത വഹിച്ചു. കാലവർഷം ശക്തി പ്രാപിച്ചതോടെ തീരദേശ ജനത അതീവ ഭീതിയിലാണ്. പൂർത്തിയാകാത്ത പുലിമുട്ട് നിർമ്മാണവും, ശോചനീയാവസ്ഥയിൽ തുടരുന്ന റോഡുകളും, എങ്ങും എത്താതെ നിൽക്കുന്ന മഴക്കാല സുരക്ഷാ നടപടികൾക്കും ദ്രുതഗതിയിൽ തീരുമാനം ഉണ്ടാക്കി തീരദേശ ജനതയുടെ ആശങ്കകൾക്ക് സർക്കാർ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികളുമായി യുവജനങ്ങൾ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം താക്കീതു നൽകി. അവകാശ നിഷേധങ്ങൾക്കും അനീതിയ്ക്കുമെതിരെ സ്വരമുയർത്തി, നന്മയുടെ ചാലക ശക്തിയായി യുവജനങ്ങൾ വർത്തിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ അഭിവന്ദ്യ മാർ. ജോസ് പുളിക്കൽ സെനറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ഔദ്യോഗിക മുഖ പത്രമായ യൗവ്വനത്തിന്റെ പുനർ പ്രകാശനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു.

വിവിധ കർമ്മ പരിപാടികൾ ഉൾപ്പെടുത്തി കെ.സി.വൈ.എം. സംസ്ഥാന സമിതി ലോഞ്ച് ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച് ഓൺ കർമ്മം എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ സംസ്ഥാന സെക്രട്ടറി റോബിൻസ്, മുൻകാല നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
'ക്രൈസ്തവ യുവത്വം; ഐക്യത്തിന്റെ പ്രേഷിതർ' എന്ന പ്രവർത്തന വിഷയവുമായി 2022ൽ പൊതുരംഗത്തുള്ള കെ.സി.വൈ.എം. കഴിഞ്ഞ 6 മാസക്കാലം രൂപതകൾ വഴി നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്താനും സംസ്ഥാന സമിതിയുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് പുതിയ കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കാനുമാണ് സമ്മേളനം ലക്ഷ്യം വെച്ചത്. സാമൂഹിക - ആത്മീയ - നേതൃത്വ പരിശീലന രംഗങ്ങളിൽ സംസ്ഥാന സമിതി നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. സംസ്ഥാന സമിതിയുടെ റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസും കണക്ക് ട്രഷറർ ലിനു വി ഡേവിഡും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ എന്നിവർ റിപ്പോർട്ട് അവതരണം മോഡറേറ്റ് ചെയ്തു. സി. റോസ് മെറിൻ എസ്.ഡി, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആൻറണി, ലിനിറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.