'ഇത് അപകടകരം': ഇ.ഡിയുടെ വിശാല അധികാരങ്ങള്‍ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

'ഇത് അപകടകരം': ഇ.ഡിയുടെ വിശാല അധികാരങ്ങള്‍ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ള വിശാല അധികാരങ്ങള്‍ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

സുപ്രീം കോടതിയുടെ വിധി അപകടകരമെന്ന് 17 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ അവര്‍ കുറ്റപ്പെടുത്തി.

അപകടകരമായ വിധിക്ക് അധികം ആയുസുണ്ടെന്ന് കരുതുന്നില്ലെന്നും ഭരണഘടനാ വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ജൂലൈ 27 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇ.ഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീം കോടതി ശരിവച്ചു.

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇ.ഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യല്‍ സെക്ഷന്‍ 5, കണ്ടുകെട്ടല്‍ സെക്ഷന്‍ 8(4), പരിശോധന നടത്തല്‍ സെക്ഷന്‍ 15, പിടിച്ചെടുക്കല്‍ സെക്ഷന്‍ 17,19 എന്നീ വകുപ്പുകള്‍ക്കുള്ള ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു.

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇ.ഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) എഫ്ഐആറിന് സമമല്ലെന്നും ഇത് ഇ.ഡിയുടെ ഇന്റേണല്‍ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്ഐആറുമായി ബന്ധപ്പെട്ട സിആര്‍പിസി വ്യവസ്ഥകള്‍ ഇസിഐആറിന് ബാധകമല്ല.

കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഇസിഐആര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.