കോണ്‍ഗ്രസ് ആസ്ഥാനം വളഞ്ഞ് പൊലീസ്; വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ജയറാം രമേശ്

 കോണ്‍ഗ്രസ് ആസ്ഥാനം വളഞ്ഞ് പൊലീസ്; വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ യുദ്ധ പ്രഖ്യാപനവുമായി പൊലീസ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒന്നാകെ പൊലീസ് വളഞ്ഞിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സീല്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.

പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള റോഡ് ബ്ലോക്ക് ചെയ്തതില്‍ കടുത്ത പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പൊലീസിന് ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നേരത്തെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഡല്‍ഹി പൊലീസ് വന്‍ സുരക്ഷാ സന്നാഹമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ഒരുക്കിയിരിക്കുന്നത്. അക്രമ സംഭവങ്ങളൊഴിവാക്കാനാണ് നീക്കം. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എന്തിനാണ് ഇത്രയും പൊലീസിനെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിയമിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

സത്യത്തിന്റെ ശബ്ദം ഒരിക്കലും പൊലീസ് സാന്നിധ്യം കണ്ട് ഭയക്കില്ല. ഗാന്ധിയുടെ അനുയായികള്‍ ഈ യുദ്ധത്തില്‍ പോരാടും. ഈ ദുഷ്ട ശക്തികള്‍ക്കെതിരെ വിജയിക്കും. കോണ്‍ഗ്രസ് ആസ്ഥാനത്തെ തടവിലിട്ടത് പോലെയാണ്. നാഷണല്‍ ഹെറാള്‍ഡ് ഓഫീസും സീല്‍ ചെയ്തു. ഇതെല്ലാം ഏകാധിപതിയുടെ ഭയമായിട്ടാണ് കാണുന്നത്. എന്നാല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും സംബന്ധിച്ച ചോദ്യങ്ങള്‍ ഇനിയും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഇത് പൊലീസിന്റെ സ്ഥിരം നടപടിയാണ്. പക്ഷേ എന്തിനാണ് അവര്‍ ഇത് ചെയ്തത്. വളരെ ദുരൂഹമാണെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ആസ്ഥാനം മാത്രമല്ല പൊലീസ്, ഗാന്ധി കുടുംബത്തിന്റെ വീടുകള്‍ക്ക് മുന്നിലും വലിയ പൊലീസ് സന്നാഹത്തെ ഒരുക്കിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വീടിന് പുറത്താണ് സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നത്. കോണ്‍ഗ്രസിന്റെ കൈവശമുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വ്യാപകമായ സാമ്പത്തിക തിരിമറികള്‍ നടന്നുവെന്നാണ് ഇ.ഡിയുടെ വാദം.

കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് പൊലീസ് സന്നാഹത്തില്‍ ഉയരുന്നത്. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ബലം പ്രയോഗിച്ച് സീല്‍ ചെയ്തിരിക്കുകയാണ്. പൊതുജനം ഈ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നിട്ടില്ലെങ്കില്‍ ഏകാധിപത്യ സര്‍ക്കാരിനെ നിയന്ത്രിക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ മൊത്തം ഇതില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഗെലോട്ട് പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പണമിടപാടുകള്‍ ഒന്നും നടന്നിട്ടില്ല. പിന്നെങ്ങനെയാണ് ഇതൊരു സാമ്പത്തിക തട്ടിപ്പായി മാറുകയെന്ന് ഖുര്‍ഷിദ് ചോദിച്ചു.

കോണ്‍ഗ്രസ് രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരുടെ യോഗം ഇന്ന് രാവിലെ പത്തിന് ചേരും. പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലാണിത്. ഈ വിഷയം അതിശക്തമായി തന്നെ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധി ഇന്നലെ ഡല്‍ഹിയിലെ വസതിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹവും പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കും. കര്‍ണാടകത്തില്‍ ദ്വിദിന സന്ദര്‍ശനത്തിനായി പോയതായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് തിരിച്ചെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.