കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം മാർ ആൻഡ്രൂസ് താഴത്ത് വിളിച്ചു കൂട്ടുന്ന നിർണായക വൈദിക സമ്മേളനം ഇന്ന് എറണാകുളം ബസിലിക്ക ഹാളിൽ നടക്കും. എറണാകുളം-അങ്കമാലി അതിരൂപതയില്‍ എതിര്‍പ്പുകള്‍ മറികടന്ന് ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തുന്ന നീക്കത്തിന്റെ ആദ്യ പടിയായ ഇന്നത്തെ വൈദിക യോഗം ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകം. ഏകീകൃത കുര്‍ബാന നടപ്പാക്കുകയെന്ന മുഖ്യ അജന്‍ഡയില്‍ ഊന്നിയാണ് മാര്‍ താഴത്തിന്റെ നീക്കങ്ങള്‍. ഇതിനു മുന്നോടിയായി മാര്‍ താഴത്ത് അതിരൂപതയിലെ 16 ഫൊറോന വികാരിമാരുടെ യോഗം വിളിച്ചിരുന്നു.
കൂരിയയുടെ അഴിച്ചുപണി ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു പുറമെ, അടുത്ത ഏഴിന് അല്‍മായ മുന്നേറ്റം സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താക്കീതു കൂടി ലക്ഷ്യമിട്ടാണ് ഇന്നു യോഗം വിളിച്ചിരിക്കുന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ രാവിലെ 10നു ചേരുന്ന യോഗത്തില്‍ നിലപാട് ഒന്നുകൂടി കര്‍ശനമായി അവതരിപ്പിക്കുകയാണു ലക്ഷ്യം. വൈദിക കൂട്ടായ്‌മയില്‍ പരമാവധി വൈദികര്‍ പങ്കെടുക്കണമെന്നു നിര്‍ദേശമുണ്ട്. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കും. അതിരൂപതയിലെ വൈദികരുടെ പിന്തുണ നേടുക എന്ന ലക്ഷ്യവും യോഗത്തിനു പിന്നിലുണ്ട്.
അതേസമയം, ഇന്നത്തെ യോഗത്തെ തങ്ങളുടെ നിലപാടറിയിക്കാനുള്ള വേദിയായി കാണാനാണ് വിമത പക്ഷത്തെ വൈദികരുടെ തീരുമാനം. പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കണമെന്ന അഭ്യര്‍ഥന അഡ്‌മിനിസ്‌ട്രേറ്റര്‍ യോഗത്തില്‍ മുന്നോട്ടു വയ്‌ക്കുമെന്നാണ് സൂചന. ഏഴിനു കലൂര്‍ സ്‌റ്റേഡിയത്തില്‍ അല്‍മായ മുന്നേറ്റം സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തെ അതീവ ഗൗരവത്തോടെയാണ് ഔദ്യോഗിക പക്ഷം കാണുന്നത്.
സമ്മേളനത്തെ തുടർന്ന് വൈദികർക്കു വേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കുലര്‍ കൂടി ഈയാഴ്‌ച അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.