പഴയ സൗഹൃദം ഒന്നുകൂടി പുതുക്കി; രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി സ്പീക്കര്‍ എം.ബി രാജേഷ്

പഴയ സൗഹൃദം ഒന്നുകൂടി പുതുക്കി; രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി സ്പീക്കര്‍ എം.ബി രാജേഷ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പഴയ സൗഹൃദം പുതുക്കി സ്പീക്കര്‍ എം.ബി രാജേഷ്. രാഹുല്‍ ഗാന്ധിക്ക് ഹസ്തദാനം നല്‍കുന്ന ചിത്രങ്ങളടക്കം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ എത്തിയതാണെന്നായിരുന്നു എം.ബി രാജേഷിന്റെ കുറിപ്പില്‍ പറഞ്ഞത്.

സെന്‍ട്രല്‍ ഹാളില്‍ വച്ച് പഴയ സഹപ്രവര്‍ത്തകരെ കണ്ടുമുട്ടിയ വിവരം പങ്കുവച്ച് സ്പീക്കര്‍ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കവച്ചു. രാഹുല്‍ ഗാന്ധി, കനിമൊഴി, കെസി വേണുഗോപാല്‍ തുടങ്ങി നിരവധി അംഗങ്ങളുമായി അദ്ദേഹം സമയം ചെലവഴിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെയും കണ്ടുവെന്ന് അദ്ദേഹം കുറിച്ചു.

പത്ത് വര്‍ഷം പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു എംബി രാജേഷ്. 2009 മുതല്‍ 2019 വരെ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വി.കെ ശ്രീകണ്ഠനോട് തോറ്റു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാമിനെതിരെ മല്‍സരിച്ച് ജയിക്കുകയും നിയമസഭാ സ്പീക്കറാകുകയും ചെയ്തു.

ഡല്‍ഹി യാത്ര സംബന്ധിച്ച് എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും


'ശ്രീ രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി.വേണുഗോപാല്‍, ശ്രീ. എം.കെ.രാഘവന്‍, ശ്രീ ഗൗരവ് ഗോഗോയ്, ശ്രീ എ.എം. ആരിഫ്, ശ്രീ എ.എ.റഹിം തുടങ്ങി പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി.

ഔദ്യോഗികാവശ്യത്തിന് ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുന്‍പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്.

ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എംപിമാര്‍ക്കുമൊപ്പം കുറേ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി' രാജേഷ് കുറിച്ചു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.