മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ മുസ്ലിം സമുദായത്തിനായി വി.സി നിയമനം നടത്തിയെന്ന് വെള്ളാപ്പള്ളി

മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ മുസ്ലിം സമുദായത്തിനായി വി.സി നിയമനം നടത്തിയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍ വെളിപ്പെടുത്തിയതായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം സമുദായത്തില്‍നിന്നുള്ള ഒരാള്‍ വൈസ് ചാന്‍സലറായി ഇല്ലാത്തതിനാലാണ് അങ്ങനെയൊരാളെ വി സിയായി നിയമിച്ചതെന്ന് ജലീല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞമാസം 21 ന് വീട്ടിലെത്തി എന്നെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സാക്ഷിയാണെന്ന് പത്രപ്രവര്‍ത്തകയൂണിയന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മുഖാമുഖം പരിപാടിയില്‍ വെള്ളാപ്പള്ളിക്കൊപ്പമെത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇക്കാര്യം അപ്പോള്‍ത്തന്നെ മാധ്യമ പ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ വിസി നിയമനത്തിനെതിരേ നേരത്തേ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മന്ത്രിയായിരിക്കേ ഒരാള്‍ സ്വന്തം സമുദായത്തിനായി ഇങ്ങനെ പ്രവര്‍ത്തിച്ചത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അതാണ് ശരി'യെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നാളെ ഇക്കാര്യം ജലീല്‍ തള്ളിപ്പറഞ്ഞാല്‍ അക്കാര്യം സാക്ഷികളിലൂടെ താന്‍ തെളിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

''ജലീല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു മാന്യനാണെന്ന് എനിക്കുതോന്നി. മലപ്പുറത്തുനിന്ന് ജയിച്ചുവന്ന ജലീല്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് വി സി ഇല്ലെന്ന കുറവു പരിഹരിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്, നിലനില്‍പ്പാണ്. അതദ്ദേഹം ചെയ്തു. ഞാന്‍ അദ്ദേഹത്തിന് കൈകൊടുത്തു. ഈഴവന്റെ വോട്ടുവാങ്ങിയല്ല മലപ്പുറത്ത് അദ്ദേഹം ജയിച്ചത്. ആ അര്‍ഥത്തില്‍ അതു ശരിയാണ്''-വെള്ളാപ്പള്ളി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.