ചരിത്രത്തിലേക്ക് കുതിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ: 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്തേക്ക്

ചരിത്രത്തിലേക്ക് കുതിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ: 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്തേക്ക്

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയൊരു ചരിത്രത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച പേലോഡുകള്‍ ഓഗസ്റ്റ് ഏഴിന് എസ്എസ്എല്‍വിയിലൂടെ വിക്ഷേപിക്കപ്പെടും.

ത്രിവര്‍ണ പതാകയുമേന്തിയാകും ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെറിയ റോക്കറ്റ് കുതിക്കുക. ഓഗസ്റ്റ് ഏഴിന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ആസാദിസാറ്റ് എന്ന പേരില്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ചെറു ഉപഗ്രഹമായിരിക്കും പേലോഡുകള്‍ വഹിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹമാണിത്. ഈ പെണ്‍കുട്ടികളെല്ലാവരും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ പെണ്‍കുട്ടികളുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും ഈ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനുമാണ് ഐഎസ്ആര്‍ഒ ഇത്തരമൊരു തീരുമാനമെടുത്തത്.

ഏകദേശം 120 ടണ്‍ ഭാരമുള്ള എസ്എസ്എല്‍വി റോക്കറ്റിന് 500 കിലോഗ്രാം വരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ കഴിയും. കുറഞ്ഞ ചെലവ്, വേഗത, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണമുള്ള വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ഈ എസ്.എസ്.എല്‍.വിയുടെ മറ്റ് പ്രത്യേകതകള്‍.

ചെറിയ ഉപഗ്രഹ വിക്ഷേപങ്ങള്‍ നടത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകുന്ന നീക്കമായിരിക്കും ഇതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.