നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയില്‍ ഹണി എം വര്‍ഗീസ് തുടരും; അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയില്‍ ഹണി എം വര്‍ഗീസ് തുടരും; അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയായി ഹണി എം വര്‍ഗീസ് തന്നെ തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും രേഖാമൂലം അറിയിച്ചു.എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കേസ് നടത്തിപ്പ് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

എറണാകുളം സിബിഐ കോടതി ജഡ്ജിയായി ഹണി എം വര്‍ഗീസ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹണി എം വര്‍ഗീസിനെ വിചാരണച്ചുമതല ഏല്‍പിച്ചത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സിബിഐ കോടതിയില്‍ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കയതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വര്‍ഗീസിന്റെ ചുമതലയിലുളള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പ്രോസിക്യൂഷന്‍ കേന്ദ്രങ്ങളില്‍ നിന്നടക്കം ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉയര്‍ന്നതോടെയാണ് നടിയെ ആക്രമിച്ച 
കേസിന്റെ വിചാരണ ഹണി എം വര്‍ഗീസ് തന്നെ തുടരുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.