ചെറുതോണി: ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2381.54 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് കഴിഞ്ഞ എട്ടു മണിക്കൂറില്‍ പെയ്തത്. ഇതിനൊപ്പം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ ഞായറാഴ്ച്ച തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നു. 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകള്‍ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്.
പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും.
പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj