മൂന്നാര്‍: ഇന്നലെ രാത്രി മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്ററില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് നൂറിലേറെ കുടുംബങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലമുകളില്‍ വലിയ ശക്തിയോടെ ഉരുള്‍പൊട്ടി വന്നെങ്കിലും മൂന്നാര്‍-വട്ടവട റോഡില്‍ ഒലിച്ചുവന്ന കല്ലും മണ്ണും തങ്ങിനിന്നു. വന്ന ശക്തിയില്‍ ഉരുള്‍ താഴേക്ക് പതിച്ചിരുന്നെങ്കില്‍ വലിയ അപകടത്തിന് കാരണമായേനെ.
കുണ്ടള എസ്റ്റേറ്റില്‍ 141 കുടുംബങ്ങളിലായി 450 ഓളം ആളുകള്‍ താമസിക്കുന്നുണ്ട്. ഉരുള്‍ ഇങ്ങോട്ടേക്ക് എത്തിയിരുന്നെങ്കില്‍ പെട്ടിമുടിയില്‍ രണ്ടു വര്‍ഷം മുമ്പുണ്ടായ ദുരന്തത്തേക്കാള്‍ ഭീകരമായേനെ. ഇന്നലെയായിരുന്നു പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികമെന്നതും യാദൃശ്ചികതയായി.
രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എല്‍.എ എ. രാജ പറഞ്ഞു.
വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും എം.എല്‍.എ അറിയിച്ചു.
2020 ഓഗസ്റ്റ് 6 ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്നും പൂര്‍ണമായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj