വത്തിക്കാന്‍ സിറ്റി: സോവിയറ്റ് യൂണിയന്‍ വധിച്ച ഉക്രെയ്ന്‍ വൈദികന്‍ പെട്രോ പൗലോ ഒറോസ് പുതുതായി പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍. വൈദികന്റെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതിനെതുടര്‍ന്നാണ് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ദൈവദാസന്‍ പെട്രോ പൗലോ ഒറോസിനെ ഉയര്‍ത്തിയത്.
1953 ആഗസ്റ്റ് 28-നാണ് ഗ്രീക്ക്-കത്തോലിക്ക പുരോഹിതനായ ഫാ. പെട്രോ ക്രൂരമായി കൊല്ലപ്പെട്ടത്. ഉക്രെയ്‌നിലെ സകര്‍പാട്ടിയ പ്രവിശ്യയിലെ മുകച്ചെവോയിലെ വൈദികനായിരുന്നു ഫാ. പെട്രോ. തീക്ഷ്ണമായ വിശ്വാസവും സമര്‍പ്പണബോധവും പ്രകടിപ്പിച്ചിരുന്ന വൈദികന്‍ രഹസ്യമായി ആരാധന നടത്തി ഏതാനും മണിക്കൂറുകള്‍ക്കകം സോവിയറ്റ് സേന അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
പെട്രോ ഒറോസ് 1917 ജൂലൈ 14-ന് ഹംഗേറിയന്‍ ഗ്രാമമായ ബിരിയില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗ്രീക്ക് കത്തോലിക്കാ പുരോഹിതനായിരുന്നു, പെട്രോയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. ഒമ്പതാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു.
ആഴമേറിയ വിശ്വാസത്തില്‍ വേരൂന്നിയ കുടുംബത്തില്‍നിന്നാണ് പെട്രോ ആത്മീയജീവിതത്തിലേക്കു പ്രവേശിക്കുന്നത്. 1937-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1942 ജൂണ്‍ 18-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
അജപാലനതീക്ഷ്ണത കൊണ്ടും ദരിദ്രരോടുള്ള സ്‌നേഹവും കരുതലും കൊണ്ടും അദ്ദേഹം മറ്റു വൈദികരില്‍ നിന്നും വ്യത്യസ്തനായി. ഗ്രാമങ്ങളിലേക്കു ചെന്നാണ് അദ്ദേഹം തന്റെ അജപാലന ദൗത്യം നിര്‍വഹിച്ചത്.
1948 മുതല്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് ലയിപ്പിക്കുന്നതിനുള്ള നിര്‍ബന്ധിതശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷേ അദ്ദേഹം അതിനെ എതിര്‍ത്തു. മാര്‍പാപ്പയോട് വിശ്വസ്തത പുലര്‍ത്തി നിലകൊണ്ടു.
1949-ല്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും എല്ലാ ഗ്രീക്ക് കത്തോലിക്കാ പള്ളികളും അടച്ചുപൂട്ടുകയും ചെയ്തു. അതോടെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. വൈദികന്‍ രഹസ്യമായി ആരാധന തുടര്‍ന്നു. 1953ല്‍ അദ്ദേഹത്തിനെതിരെ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് സില്‍റ്റ്‌സെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് സോവിയറ്റ് സേന അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയത്.
ഫാ. പെട്രോ ഒറോസ് തന്റെ പൗരോഹിത്യകടമകളില്‍ വിശ്വസ്തനും ഭക്തനുമായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ അദ്ദേഹത്തിന്റെ ശരീരം എവിടെയാണെന്നതിനെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിശ്വാസികളുടെ മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.