ഇടുക്കി ഡാം ഞായറാഴ്ച്ച രാവിലെ പത്തിന് തുറക്കും; പെരിയാറിലെ ജലനിരപ്പ് അപകടരേഖയ്ക്ക് താഴെ, മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

ഇടുക്കി ഡാം ഞായറാഴ്ച്ച രാവിലെ പത്തിന് തുറക്കും; പെരിയാറിലെ ജലനിരപ്പ് അപകടരേഖയ്ക്ക് താഴെ, മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

ചെറുതോണി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 500 ക്യുമെക്‌സ് വെള്ളം ആയിരിക്കും തുറന്നു വിടുക.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലേര്‍ട്ടിലാണ്. അധിക ജലം ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്ന് രാവിലെ 7.30 മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി മുന്‍കരുതല്‍ നടപടികള്‍ എറണാകുളം ജില്ലയില്‍ സ്വീകരിച്ചു. എന്നാല്‍ പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് നിലക്കുന്ന സാഹചര്യത്തില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ മാറി തെളിഞ്ഞ കാലാവസ്ഥയായതോടെ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്.

മഴ മാറിനിന്നതും വേലിയിറക്കത്തെ തുടര്‍ന്ന് വെള്ളം കടല്‍ വലിച്ചതും ജലനിരപ്പ് താഴാന്‍ കാരണമായി. ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ നിന്ന് വരുന്ന ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങള്‍ വിലയിരുത്തി നിരീക്ഷിക്കുകയാണ്.

2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.

അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.90 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മുല്ലപ്പെരിയാറില്‍ നിന്നെത്തുന്ന അത്രയും അളവ് വെള്ളം വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റത്തേക്ക് കൊണ്ടു പോകുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നില്ല.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കൂടുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.