ഒട്ടാവ: രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി കാനഡ. കൈത്തോക്കുകളുടെ വില്‍പ്പനയും വാങ്ങലും രാജ്യത്ത് പൂര്‍ണമായി മരവിപ്പിച്ചതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊതു സുരക്ഷാ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ വ്യക്തമാക്കി. ഓഗസ്റ്റ് 19 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. പുതിയ തോക്ക് നിയന്ത്രണ നിയമങ്ങള്‍ പാര്‍മെന്റില്‍ പാസാക്കുന്നതുവരെ താല്‍ക്കാലിക നടപടി എന്ന നിലയിലാണ് നിയന്ത്രണം.
കൈത്തോക്കുകള്‍ക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ അത് ആളുകളെ കൊല്ലുക എന്നതാണെന്ന് മാര്‍ക്കോ മെന്‍ഡിസിനോ പറഞ്ഞു. കാനഡയില്‍ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ കൂട്ട തോക്ക് ആക്രമണങ്ങളെ തുടര്‍ന്നാണ് സമ്പൂര്‍ണ തോക്ക് നിരോധനത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
അതേസമയം, മാനിറ്റോബ കണ്‍സര്‍വേറ്റീവ് എംപി റാക്വല്‍ ഡാഞ്ചോ ഈ നീക്കത്തെ അപലപിച്ചു. അമേരിക്കയില്‍ നിന്നും രാജ്യത്തേക്കുള്ള അനധികൃത കൈത്തോക്ക് കടത്ത് ഒഴിവാക്കാന്‍ കാര്യമായി ഒന്നും ചെയ്യാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ തോക്ക് കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ ഉറവിടത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം പാര്‍ലമെന്ററി നടപടികള്‍ പാലിക്കാതെ ഏകപക്ഷീയമായി ഇറക്കുമതി നിരോധിക്കുകയാണ്. ഇത് കോടിക്കണക്കിന് ഡോളര്‍ വ്യവസായത്തെയും ആയിരക്കണക്കിന് റീട്ടെയിലര്‍മാരെയും ചെറുകിട ബിസിനസുകളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ടെക്സാസ് പ്രൈമറി സ്‌കൂള്‍ വെടിവയ്പിനെ തുടര്‍ന്ന് കാനഡയില്‍ കൈത്തോക്ക് വില്പനയും ഉപയോഗവും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറയാക്കി അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി തോക്ക് കടത്തുന്ന സംഘങ്ങള്‍ സജീവമായി. ഇതോടെ നിയമം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇതിനെ പ്രതിരോധിക്കാനാണ് രാജ്യത്തേക്കുള്ള കൈത്തോക്ക് ഇറക്കുമതി കൂടി നിരോധിക്കാന്‍ കാനഡ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.