തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
തീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം.
ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണില്‍ ആണ്. അവിടെ നിന്ന് തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയില്‍. ഇവിടെവച്ച് പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരും വെളളം നേരെ പാംബ്ല അക്കെട്ടിലേക്ക് എത്തും. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തേക്ക് വെള്ളം എത്തും.
ഭൂതത്താന്‍കെട്ട് അണക്കെട്ടിലേയും ഇടമലയാര്‍ അണക്കെട്ടിലേയും വെള്ളം പെരിയാറില്‍ ചേരും. കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ് പെരിയാര്‍ അറബിക്കടലില്‍ ചേരും.
ഇതിനിടെ ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുന്‍ കരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഇടുക്കി ഡാം തുറക്കുമ്പോള്‍ മുന്‍കരുതലുകള്‍ ഏര്‍പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തില്‍ അറിയിച്ചു. കൂടാതെ താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടു ദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇന്നലെ വൈകിട്ട് ജലനിരപ്പ് 161.66 മീറ്ററില്‍ എത്തി. ഡാമിന്റെ സംഭരണ ശേഷി 169 മീറ്റര്‍ ആണ്. 163-ല്‍ എത്തിയാല്‍ ഡാം തുറക്കേണ്ടതുള്ളതുകൊണ്ട് 162.5 മീറ്ററില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.