ന്യൂഡല്‍ഹി: ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2022 നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബില്ലിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അടുത്ത ദിവസം ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണത്തില്‍ അടക്കം സ്വകാര്യമേഖലക്ക് കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതാണ് ബില്ല്.
എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തേ മാറ്റിവെച്ച ബില്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കാനിരിക്കെ സര്‍ക്കാറിന് മുന്നറിയിപ്പുമായി സംയുക്ത കിസാന്‍മോര്‍ച്ച രംഗത്തു വന്നു. ബില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താല്‍ ഉടന്‍ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.
കര്‍ഷക സമരത്തില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ പിന്‍വലിക്കല്‍. സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നതായി കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒരിക്കല്‍ ബില്‍ പാസാക്കിയാല്‍ കര്‍ഷകരെയും രാജ്യത്തെ മറ്റെല്ലാ ജന വിഭാഗങ്ങളെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കും. കൃഷി ഉല്‍പാദന നിരക്ക് ഉയരും. ഗ്രാമങ്ങളിലും നഗരങ്ങളിലും ആഭ്യന്തര വൈദ്യുതി നിരക്ക് വന്‍തോതില്‍ ഉയരുമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. കേന്ദ്രം കൊണ്ടു വരുന്ന വൈദ്യുതി ഭേദഗതി ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്ക് എതിരാണെന്ന് സാമൂഹിക, സാംസ്‌കാരിക, നിയമ രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.