ഇ.ഡി.ക്ക് മുന്നില്‍ ഐസക് ഹാജരാവില്ല; നിയമ പോരാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍

ഇ.ഡി.ക്ക് മുന്നില്‍ ഐസക് ഹാജരാവില്ല; നിയമ പോരാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഹാജരാകില്ല. നേരിട്ട് ഹാജരാകാതെ കേസ് റദ്ദാക്കാനുള്ള നിയമവഴി സ്വീകരിക്കണമെന്നാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും ലഭിച്ച നിയമോപദേശം. കിഫ്ബി സംബന്ധിച്ച കാര്യങ്ങളില്‍ തനിക്ക് നല്‍കാവുന്ന വിശദീകരണം ഐസക് രേഖാമൂലം ഇ.ഡിയെ അറിയിക്കും. ഈ മാസം പതിനൊന്നിന് ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇ.ഡി.ക്ക് കടുത്ത നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച നിയമോപദേശം. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തേയും ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലും സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ് പരാതിയുള്ളത്. ഇതില്‍ ഇ.ഡിയ്ക്ക് വഴങ്ങാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകില്ല. ഇ.ഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ നിയമപരമായി നേരിടാനുള്ള അഭിഭാഷക സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

കിഫ്ബി സംബന്ധിച്ചള്ള അന്വേഷണം ഒരു തുറുപ്പ് ചീട്ടായിട്ടാണ് സി.പി.എമ്മും സര്‍ക്കാരും കാണുന്നത്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് കിഫ്ബിവഴി പണം കണ്ടെത്തിയത് പൊതുജനാംഗീകാരം ലഭിച്ച നടപടിയാണ്. അതിനാല്‍, കിഫ്ബിക്കെതിരേയുള്ള ഇ.ഡി. അന്വേഷണം, സര്‍ക്കാരിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണെന്ന വാദം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍. സ്വര്‍ണക്കടത്ത് കേസിനെക്കാള്‍ കിഫ്ബി അന്വേഷണം സജീവമായി നിലനില്‍ക്കുന്നതാണ് നല്ലതെന്നുമാണ് പാര്‍ട്ടിവിലയിരുത്തല്‍.

കിഫ്ബി അന്വേഷണത്തില്‍ ഐസക് ഹാജരാകുകയും മുഖ്യമന്ത്രിക്കുനേരെ വരുമ്പോള്‍ മാറിനില്‍ക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കാനിടയാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനാല്‍, എല്ലാ കേസിലും ഇ.ഡി.യോട് ഒരേ നിലപാടാകും സ്വീകരിക്കുക. ഇ.ഡി.യുടെ നിലപാട് നോക്കി കിഫ്ബിക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.