"മധുരനൊമ്പരമാം പ്രവാസം"കുസൃതികളും വികൃതികളും
ഇണക്കങ്ങളും പിണക്കങ്ങളും
മനസ്സിൻചില്ലയിൽ കൂടുകൂട്ടിയ നിമിഷങ്ങൾ
ചങ്ങാത്തങ്ങൾ ചാഞ്ചാടിയാടിയ നേരം
സ്നേഹലാളനകൾ, ശാസനകൾ
കാവലായ്, കരുതലായ് വേണ്ടപ്പെട്ടവർ
ചേലൊത്ത ചെന്താമരപോൽ തിളങ്ങിനിന്നോരുകാലം
യുവത്വത്തിനലകൾ ആനന്ദനൃത്തമാടിയ സമയം
സ്വന്തക്കാർ, സുഹൃത്തുക്കൾ
സമ്മാനിച്ചൊരാ സുഭഗനിമിഷങ്ങളാം
ഓർമ്മച്ചെപ്പുകൾ ഹൃദയക്കൂട്ടിൽ
പ്രതിഷ്ഠിച്ചു പ്രതീക്ഷച്ചിറകിലുയർന്ന
പ്രയാണമാപ്രവാസജീവിതം
ആശതൻ മഴനൂലിൽ തുന്നിയൊര
ഴകോലും മഴവില്ലുപോലെയാപ്രവാസം
പ്രവാസനൗക തുഴഞ്ഞു നീങ്ങുമ്പോൾ
നുകരുന്നവർ മായാക്കിനാവിൻ മധുരവുമൊപ്പം
ഗൃഹാതുരത്വത്തിൻ കയ്പ്പുമേ
ഇരവും പകലുമറിയാതെ
മഴയും മഞ്ഞും തളർത്താതെ
വെയിലിലും വിയർപ്പിലും വരളാതെ
തുഴഞ്ഞവരാതോണിയന്നു മടുക്കാതെ
മനസ്സിൻ മടിയിൽ മയങ്ങും ഓർമ്മക്കിടാങ്ങൾ ഉണരാറുണ്ടു പലപ്പോഴും
മഴയായ് പൊഴിയാറുണ്ടവ
മിഴികളിൽ നിനക്കാതെ
അമർത്തി വ്യസനങ്ങൾ
ആശ്വസിച്ചു സ്വയമന്നു
തുടരുമായാത്ര തൻ മനക്കണ്ണിൽ
തെളിഞ്ഞോരു മോഹശില്‌പം കണ്ടെടുക്കാൻ
ഉത്തരവാദിത്തമാം ഉടവാളെടുത്തു
ഉറങ്ങാതെ പൊരുതുമവൻ
ഉയിരും ഉടലും കൊടുക്കുമവൻ
ഉറ്റവർതൻ ഉണർവ്വു കാണാൻ
നെഞ്ചിൽ നൊമ്പരക്കനലെരിയുമ്പോഴും
നയനങ്ങൾ നോവിൻ ഈറനണിയുമ്പോഴും
പുഞ്ചിരിതൻ മൂടിയണിയുമവൻ
മങ്ങിയ മുഖങ്ങൾ മിനുക്കാൻ
ഊണും ഉറക്കവും വെടിഞ്ഞവൻ
കുണ്ടും കുഴിയും താണ്ടിയവൻ
തഴുകിത്തലോടിയ സ്വപ്നലോകം പുണരാൻ
ഒത്തിരി പേരുള്ള കുഞ്ഞൻ മുറിയും
കുബൂസും കട്ടനും എന്നും കഴിച്ചും
ടൊയ്ലറ്റിൽ പോകാനോ ക്യൂവിൽ നിരന്നും
വിശ്രമമില്ലാതെ ചൂടേറ്റു നിന്നും
വയ്യാതിരുന്നിട്ടും രാവിൽ പണിതും
അറിയാതെ കൊഴിഞ്ഞോരാ വർഷങ്ങളേറേ
ഓർമ്മകളാം കുസുമങ്ങൾ
മനസ്സിൻ വാടിയിൽ വിടരുമ്പോൾ
ഒറ്റക്കിരുന്നു കരയുമവൻ
പിറന്നമണ്ണും പെറ്റമ്മയേയും കാണാനാവാതെ
ചോര നീരാക്കി
ചിന്ത ചിറകാക്കി
നടക്കുമവൻ പതറാതെ
തെല്ലും ഇടറാതെ
വിയർത്തു വാടിയ വദനവും
മുഷിഞ്ഞു കീറിയ മേലാപ്പും
കൊഴിഞ്ഞു മാറിയ ദിനങ്ങളും
കരഞ്ഞു നീറിയ മിഴികളും
തോറ്റു മാറാത്ത മനസ്സുമായ്
തുടരുന്നു യാത്ര മധുരനൊമ്പരമാം പ്രവാസയാത്ര
പ്രാരാബ്ദങ്ങളാം പേമാരിയാൽ
ജീവിതനൗക ഉലയുമ്പോൾ
പ്രവാസിയായ് പ്രയാണം
തുടരുമവൻ ജീവിതസന്ധ്യയോളം
തിരിഞ്ഞുനോക്കുമ്പോൾ തെളിയുമാകൺകളിൽ
ചെയ്തു തീർത്ത പലതുമൊപ്പം
ചെയ്യാൻ മറന്ന മറ്റുപലതും
പ്രിയരേ പറയൂ
പറയൂ നിങ്ങൾ
എഴുതിയിട്ടും തീരാത്ത
കഥയുടെ പേരോ പ്രവാസി അതോ
ജീവിതം മറന്ന
മനുഷ്യന്റെ പേരോ പ്രവാസി

റ്റോജോമോൻ ജോസഫ്
മരിയാപുരംവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.