ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അംഗീകാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പിണറായി ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണമെന്നതായിരുന്നു യോഗത്തില്‍ കേരളത്തിന്റെ മറ്റൊരു ആവശ്യം. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള വായ്പാ പരിധി കൂട്ടണമെന്നും ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചു.
590 കിലോമീറ്ററോളം കടല്‍ത്തീരമുള്ള കേരളത്തില്‍ കനത്ത മഴ മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ കേന്ദ്ര പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, സിഇഒ പരമേശ്വരന്‍ അയ്യര്‍ എന്നിവര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് നടന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, ഗതാഗത ഹൈവേ വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.