രാമങ്കരി: എസി റോഡിൻറെ അശാസ്ത്രീയമായ നിർമ്മാണം അടിയന്തരമായി പരിശോധിക്കണമെന്നും എസി കനാൽ തുറക്കണമെന്നും ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു. മനക്കച്ചിറ ജംഗ്ഷന് സമീപം യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും.
എല്ലാ വർഷവും വെള്ളപ്പൊക്കം പതിവായ കുട്ടനാടിനായി ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ സർക്കാരുകൾക്കു കഴിയുന്നില്ല. ഇപ്പോഴിതാ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിലൂടെ വീണ്ടും കുട്ടനാട് ജനതയെ ഭീതിയിലാഴ്ത്തുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ പിതാക്കന്മാരുടെ സന്ദർശനവും വാക്കുകളും ജനതയുടെ ആവശ്യങ്ങൾക്ക് കരുത്ത് പകരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ കുട്ടനാടൻ ജീവിതത്തെ കുറിച്ച് മനസ്സിൽ നല്ലൊരു ചിത്രമുണ്ടെന്ന് പങ്കുവെച്ചു. മനുഷ്യൻ തന്റെ ജീവൻ പണയം വെച്ച് അധ്വാനിച്ച് പടുത്തുയർത്തിയ മനോഹരമായ ഒരു പ്രദേശം. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കു നേരെ എന്തുകൊണ്ടാണ് ബന്ധപ്പെട്ട അധികാരികൾ കണ്ണു തുറക്കാത്തത്. എത്രയോ പ്രാവശ്യം കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി, എത്രയോ പരിഹാരങ്ങൾ നിർദ്ദേശിച്ചു എന്നാൽ ഇവയെല്ലാം വെള്ളത്തിൽ വരച്ചത് പോലെ ആയിപ്പോകുന്ന ഒരു സ്ഥിതിവിശേഷമാണ് കാണാൻ സാധിക്കുന്നത്. പലപ്പോഴും താൽക്കാലികമായ ഒരു ആശ്വാസം പകർന്ന് ജനങ്ങളെ നിശ്ചലമാക്കുന്ന ഒരു തന്ത്ര ശൈലി ഇതിനു പിന്നിൽ ഉണ്ടോ എന്നു ഞാൻ സംശയിക്കുകയാണ്. ആത്മാർത്ഥമായി കുട്ടനാട് ജനതയെ സർക്കാർ ആഗ്രഹിക്കുന്നുണ്ടോ? വർഷങ്ങൾക്ക് മുൻപ് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ അതിനൊരു പരിഹാരം ഉണ്ടായിരുന്നു. കാരണം വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സമില്ലാതെ നടന്നിരുന്നു. പക്ഷേ ഇന്ന് പല വികസന പ്രവർത്തനങ്ങളുടെയും ഫലമായി വെള്ളത്തെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതിയെയും പിതാവ് അപലപിച്ചു.
തുടർന്ന് മാർ തോമസ് തറയിൽ എസി കനാൽ തുറക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കുട്ടനാടിന്റെ പ്രശ്നങ്ങൾ പലതവണ സർക്കാരിന്റെ മുന്നിലെത്തിച്ചിട്ടും പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഓരോ വെള്ളപ്പൊക്കവും കുട്ടനാട്ടുകാർക്ക് ദുഃഖവും ദുരിതവും വിതയ്ക്കുന്നതാണ്. 90 ശതമാനത്തോളം വീടുകളിലും വെള്ളം കയറുകയും വലിയ നാശ നഷ്ടങ്ങൾ വിതക്കുകയും ചെയ്യുന്നു. അനേകം കിടപ്പുരോഗികളും ഭിന്നശേഷിക്കാരും ഉള്ള പ്രദേശത്ത് വെള്ളപ്പൊക്കം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണാതെ സർക്കാരുകൾ കണ്ണടയ്ക്കുമ്പോഴും സഭയുടെ പ്രവർത്തനങ്ങൾ പലപ്പോഴും ആശ്വാസമേകുന്നതാണ്.
എസി റോഡിൻറെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെയും എസി കനാൽ തുറക്കണമെന്ന് ആവശ്യപ്പെട്ടും കുട്ടനാട്ടിലെ യുവജനങ്ങൾ മനക്കച്ചിറയിൽ നടത്തിയ പ്രതിഷേധത്തിൽ പിതാക്കന്മാരുടെ സാന്നിധ്യം ആവേശമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.