മാരാമൺ സ്വദേശി ടൈറ്റസ്: ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ പങ്കെടുത്ത ഒരേയൊരു ക്രിസ്ത്യാനി

മാരാമൺ സ്വദേശി ടൈറ്റസ്: ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ പങ്കെടുത്ത ഒരേയൊരു ക്രിസ്ത്യാനി

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന ഈ സമയത്ത് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗാന്ധിജി നടത്തിയ ദണ്ഡി യാത്ര. 1930 മാര്‍ച്ച് രണ്ടിന് മഹാത്മാഗാന്ധി ബ്രിട്ടീഷ് വൈസ്റോയ് ഇര്‍വിന്‍ പ്രഭുവിനെഴുതിയ കത്തില്‍ ഇങ്ങനെ കുറിച്ചു: 'എന്റെ കത്ത് നിങ്ങളുടെ ഹൃദയത്തെ തൊടുന്നില്ലെങ്കില്‍ ഈ മാസത്തിന്റെ പതിനൊന്നാം ദിവസം ഉപ്പു നിയമം ലംഘിക്കുവാന്‍ ആശ്രമത്തിലെ അന്തേവാസികളുമായി ഞാന്‍ ഇറങ്ങിപ്പുറപ്പെടും.'

അഹിംസയുടെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോയിരുന്ന ഗാന്ധിജിയുടെ വാക്കുകളിലെ മൂര്‍ച്ച മനസിലാക്കുവാന്‍ ഇര്‍വിന്‍ പ്രഭുവിന് സാധിച്ചില്ല. അദ്ദേഹം അതിനെ നിസാരവത്കരിച്ചു. തുടര്‍ന്നുണ്ടായത് രാജ്യത്തെ മൊത്തം പുളകം കൊള്ളിക്കുന്ന ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ നീക്കമായിരുന്നു. ഗാന്ധിജി തന്റെ അനുയായികളായ 78 പേരോടുകൂടെ ദണ്ഡി കടപ്പുറത്തേക്കു കാല്‍നട യാത്ര തിരിച്ചു.

അവരില്‍ അഞ്ചുപേര്‍ മലയാളികളായിരുന്നു. സി. കൃഷ്ണന്‍ നായര്‍, ശങ്കരന്‍ എഴുത്തച്ഛന്‍, ടൈറ്റസ്, രാഘവ പൊതുവാള്‍ എന്നിവരായിരുന്നു അവര്‍. ഈ അഞ്ചു പേരില്‍ അധികമാരാലും അറിയപ്പെടാത്തതും ദണ്ഡി യാത്രയിലെ 78 പേരില്‍ ഏക ക്രിസ്ത്യാനിയുമായിരുന്നു തേവര്‍ത്തുണ്ടിയില്‍ ടൈറ്റസ് എന്ന ടൈറ്റസ് ജി. ടൈറ്റസ് ഉള്‍പ്പെടെ ദണ്ഡി യാത്രയില്‍ പങ്കെടുത്ത 78 പേരുടെയും പേരുകള്‍ സബര്‍മതി ആശ്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

25 ദിവസത്തെ തുടര്‍ച്ചയായ നടപ്പിനുശേഷം ഗാന്ധിജിയും ടൈറ്റസ് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികളും 388 കി.മീറ്റര്‍ ദൂരമുള്ള ദണ്ഡി കടപ്പുറത്ത് എത്തി. ഇവിടെ വച്ച് കടല്‍വെള്ളം വറ്റിച്ച് ഉപ്പ് ഉണ്ടാക്കി ബ്രിട്ടീഷുകാരുടെ നിയമം ലഘിച്ചു. പങ്കെടുത്തവര്‍ക്കെതിരെ ലാത്തി വീശുകയും പിന്നീട് അവരെ അറസ്റ്റ് ചെയ്ത് മുംബൈയിലേക്കും അവിടെ നിന്ന് യെര്‍വാഡ ജയിലിലേക്കും ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി.


മലയാളിയായ ടൈറ്റസ് ഗാന്ധിജിയുടെ ശിഷ്യനായതിന് പിന്നില്‍ ഒരു നീണ്ട സംഭവ പരമ്പര തന്നെയുണ്ട്. മധ്യ തിരുവിതാംകൂറിലെ മാരാമണ്‍ ഗ്രാമത്തിലെ ഒരു ചെറുകിട കര്‍ഷകന്റെ നാലാമത്തെ മകനായിരുന്നു ടൈറ്റസ്. പഠനത്തില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം എട്ടാം ക്ലാസില്‍ പുതുതായി തുറന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. മെട്രിക്കുലേഷനു ശേഷം, 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്‌കൂളില്‍ മാസത്തില്‍ 18 രൂപ ശമ്പളത്തില്‍ അധ്യാപകനായി. വാരാന്ത്യങ്ങളില്‍ 16 വയസുള്ള ടീച്ചര്‍ ഇടതൂര്‍ന്ന കാട്ടുവഴികളിലൂടെ വീട്ടിലേക്ക് നടന്നു, തെങ്ങിന്‍തോപ്പില്‍ കത്തുന്ന മെഴുകുതിരി ഉപയോഗിച്ച് തന്റെ പാത പ്രകാശിപ്പിച്ചു. കാട്ടാനകള്‍ കരുണയോടെ അവനെ അവഗണിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അലഹബാദ് അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാല) 1924 ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഡയറി ഡിപ്ലോമ കോഴ്സിന് അപേക്ഷിച്ചു. സ്ഥാപനം അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പും സൗജന്യ താമസവും വാഗ്ദാനം ചെയ്തു. യാത്രയ്ക്കുള്ള പണം പലരില്‍ നിന്നായി കടം വാങ്ങി അലഹബാദിലേക്ക് പോയി. ഒരു മുണ്ടുടുത്ത് മുംബൈയിലെത്തിയ ടൈറ്റസിന് ഒരു ബന്ധു കോളേജില്‍ എത്തുമ്പോള്‍ ധരിക്കാന്‍ ഒരു ജോഡി ഷര്‍ട്ടും പാന്റും വാങ്ങി കൊടുത്തു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭക്ഷണത്തിന് പകരമായി അദ്ദേഹം വലിയ കാമ്പസിലെ പുല്ലുകള്‍ വെട്ടുന്ന ജോലി ചെയ്തു. 1927 ല്‍ ഡിപ്ലോമ എടുത്തെങ്കിലും ജോലി കിട്ടാതെ വന്നതിനാല്‍ ഹോസ്റ്റല്‍ മുറി ഒഴിഞ്ഞില്ല. ഒരു രാത്രി പ്രിന്‍സിപ്പല്‍ ഡോ. സാം ഹിഗിന്‍ബോട്ടം അവന്റെ വാതിലില്‍ മുട്ടി. തന്നെ പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ വന്നതാണെന്ന് കരുതി അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. മാഞ്ചസ്റ്ററില്‍ നിന്നുള്ള ആ മിഷനറി പ്രിന്‍സിപ്പല്‍ അദ്ദേഹത്തിന് ഒരു കൂട്ടം താക്കോലുകള്‍ നല്‍കി പറഞ്ഞു: ''നിങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറി ഫാമിന്റെ മാനേജരായി നിയമിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ പോയി ചുമതലയേല്‍ക്കൂ.

പാല്‍ പാസ്ചറൈസ് ചെയ്യുന്നതിനും തണുപ്പിക്കുന്നതിനും, തൈര്, മോര്, വെണ്ണ, നെയ്യ്, ചീസ് (അപ്പോള്‍ പാശ്ചാത്യര്‍ മാത്രം ഉപയോഗിച്ചിരുന്നത്) എന്നിവ ഉണ്ടാക്കുന്നതിലും ടൈറ്റസ് വിദഗ്ധനായിരുന്നു. അദ്ദേഹം അവിടെ രണ്ടു വര്‍ഷം ജോലി ചെയ്യുകയും തുടര്‍ന്ന് ഗോരഖ്പൂരിലെ ഒരു ഡയറിയില്‍ ജോലിക്ക് ചേരുകയും ചെയ്തു.

പിന്നീട് ഗാന്ധിജിക്ക് സബര്‍മതിയില്‍ ഒരു ക്ഷീരവിദഗ്ദ്ധനെ ആവശ്യമുണ്ട് എന്ന് കാണിച്ച് നല്‍കിയ ഒരു പത്ര പരസ്യത്തെക്കുറിച്ച് മാരാമണില്‍ താമസിക്കുന്ന സഹോദരന്‍ വഴി കേട്ടറിഞ്ഞ അദ്ദേഹം ആ ജോലിക്കായി അപേക്ഷിച്ചു. തുടര്‍ന്ന് ഇന്റര്‍വ്യൂ പങ്കെടുക്കാനുള്ള കത്ത് വന്നു. അങ്ങനെ അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ എത്തി ഗാന്ധിജിയെ കണ്ടു. ബാപ്പു തന്റെ ചര്‍ക്കയില്‍ പണിയുന്നതിനിടെയാണ് ടൈറ്റസിനെ പരിചയപ്പെട്ടത്.

ഗാന്ധിജി തലയുയര്‍ത്തി നോക്കി ടൈറ്റസിനോട് പറഞ്ഞു: 'ഞങ്ങള്‍ക്ക് ഇവിടെ ധാരാളം പശുക്കളുള്ള ഒരു ഡയറിയുണ്ട്. നിങ്ങള്‍ അത് ശാസ്ത്രീയമായും വൃത്തിയായും പ്രവര്‍ത്തിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പശുക്കളെ ദിവസവും കുളിപ്പിക്കണം. ക്ഷീരസംഘത്തില്‍ നിന്നുള്ള പാല്‍ ആശ്രമത്തിലെ 200 അന്തേവാസികള്‍ ഉപയോഗിക്കുന്നു. ഇവിടെയിരിക്കുന്നിടത്തോളം ബ്രഹ്‌മചര്യം പാലിക്കണം. ഇവിടെ നവദമ്പതികള്‍ പോലും വെവ്വേറെ മുറികളിലാണ് ഉറങ്ങുന്നത്. ക്ഷീരപണിക്ക് പുറമെ രണ്ട് മണിക്കൂര്‍ അടുക്കളയിലും സഹായിക്കണം. നിങ്ങളുടെ വസ്ത്രങ്ങള്‍ സബര്‍മതി നദിയില്‍ കഴുകുക. നിങ്ങളുടെ ഊഴം വരുമ്പോള്‍ കക്കൂസുകളും വൃത്തിയാക്കേണ്ടി വരും.'

ക്ഷീര പദ്ധതിയുടെ ഭാഗമാകുന്നതിനു മുന്‍പ് ചെറുപ്പക്കാരനായ ടൈറ്റസ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിച്ചു: 'എന്റെ സേവനങ്ങള്‍ക്ക് എന്തെങ്കിലും ശമ്പളം ലഭിക്കുമോ?' അതിനുള്ള ഗാന്ധിജിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ആശ്രമത്തില്‍ ആരും ചെറുതോ വലുതോ അല്ല എന്നതാണ് പതിവ്. നിങ്ങളുടെ എല്ലാ ചെലവുകളും പൊതു ഫണ്ടില്‍ നിന്ന് കണ്ടെത്തുമെന്ന് ഗാന്ധിജി മറുപടി നല്‍കി.

എനിക്ക് കേരളത്തില്‍ പ്രായമായ ഒരു പിതാവുണ്ട്. എല്ലാ മാസവും അദ്ദേഹത്തിന് കുറച്ച് പണം അയയ്ക്കണമെന്ന് ടൈറ്റസ് മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പേരും വിലാസവും എനിക്ക് തരൂ, എല്ലാ മാസവും ഒരു തുക അദ്ദേഹത്തിന് അയക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താമെന്നു ഗാന്ധിജിയും മറുപടി കൊടുത്തു. ഗാന്ധിജി തന്റെ വാക്കു പാലിച്ച് ടൈറ്റസിന്റെ പിതാവിന് എല്ലാ മാസവും ഒരു ചെറിയ തുക അയച്ചു കൊടുത്തിരുന്നു. ക്ഷീര പദ്ധതിയുടെ ഭാഗമാകുന്നതിനു മുന്‍പ് അവിടെ പോയി എല്ലാം കണ്ടു മനസിലാക്കണമെന്നും ഗാന്ധിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഒരാഴ്ചക്കു ശേഷം ക്ഷീര പദ്ധതിയുടെ ഭാഗമാകാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ടൈറ്റസ് ഗാന്ധിജിക്ക് കത്തയച്ചു. ശേഷം ബന്ധുക്കളോടും മറ്റും യാത്ര പറയാന്‍ അദ്ദേഹം മാരാമണിലേക്കു പോയി. മധ്യ തിരുവിതാംകൂറുകാര്‍ അദ്ദേഹത്തെ ഒരു വീര നായകനായിട്ടാണ് സ്വീകരിച്ചത്. ആ യാത്രയിലായിരുന്നു അദ്ദേഹം അവസാനമായി മാംസം കഴിച്ചത്.

1929 ലെ ദീപാവലി ദിനത്തില്‍ അദ്ദേഹം ബാപ്പുവിനൊപ്പം ചേര്‍ന്നു. അവിടെ വെച്ച് അദ്ദേഹത്തിന്റെ തലമുടി സൈനീകരുടേതു പോലെ വെട്ടി. അതിനുശേഷം അദ്ദേഹത്തിന് ഖാദി വസ്ത്രങ്ങള്‍, ഒരു ചര്‍ക്ക, ഒരു പ്ലേറ്റ്, ഒരു കട്ടോരി, ഒരു ഗ്ലാസ് എന്നിവ നല്‍കി. ആശ്രമത്തിലെ രീതികള്‍ കഠിനമായിരുന്നെങ്കിലും മെല്ലെ അദ്ദേഹം അതുമായി ഇഴുകി ചേര്‍ന്നു. ഗാന്ധിജിയുടെ ജീവിതരീതിയും തത്വങ്ങളും ലാളിത്യവും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചതിനാല്‍ സബര്‍മതിയിലെ ഗാന്ധിജിയുടെ ഗോശാല എന്ന ആശ്രമത്തില്‍ ചേരാന്‍ അദ്ദേഹം തീരുമാനിച്ചു.

അവിടുത്തെ ജീവിതശൈലി ലളിതവും കര്‍ക്കശവുമായിരുന്നു. ആശ്രമത്തിലെ എല്ലാ അന്തേവാസികള്‍ക്കും രണ്ട് ജോഡി വസ്ത്രങ്ങള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളു. ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ ചെയ്യണം. അതിരാവിലെ പ്രാര്‍ത്ഥനയ്ക്കും രണ്ട് മണിക്കൂര്‍ ചര്‍ക്കയിലെ നെയ്ത്തിനും ശേഷം ഓരോരുത്തര്‍ക്കും അവരവരുടെ ചുമതലകള്‍ ലഭിച്ചിരുന്നു.

ടൈറ്റസ് 1933 ല്‍ കോഴഞ്ചേരി സ്വദേശിനി ഐക്കരേത്ത് വീട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചു. അന്നമ്മ വിവാഹശേഷം സബര്‍മതി ആശ്രമത്തില്‍ ചേരുകയും തന്റെ വിവാഹ ആഭരണങ്ങള്‍ ആശ്രമത്തിന് സംഭാവന ചെയ്യുകയും ചെയ്തു. എന്നാല്‍ ആശ്രമത്തിലെ കക്കൂസുകള്‍ കഴുകാന്‍ അന്നമ്മയോട് ഗാന്ധിജി ആവശ്യപ്പെട്ടത് അവര്‍ക്ക് വിഷമം ഉണ്ടാക്കി. അവര്‍ സങ്കടത്തോടെ ആശ്രമം വിട്ട് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഒരിക്കല്‍ നാട്ടിലെത്തിയ ടൈറ്റസ് കോട്ടയത്ത് വച്ച് വിദേശ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് അതിശക്തമായി പ്രസംഗിക്കുകയും ചെയ്തു. ഈ സമയം ധാരാളം മലയാളികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്ന് പറയപ്പെടുന്നു. 1934 ല്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചു. പ്രശസ്തമായ ആറന്മുള ക്ഷേത്രത്തിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം മാരാമണ്ണിലുള്ള ടൈറ്റസ്ജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിതാവിനെ സന്ദര്‍ശിച്ചു. അങ്ങയുടെ മകന്‍ എന്റെ കൂടെ സുരക്ഷിതനാണ്, വിഷമിക്കണ്ട എന്നദ്ദേഹം ടൈറ്റസ്ജിയുടെ പിതാവിനോട് പറഞ്ഞു. ആയിരക്കണക്കിന് നാട്ടുകാരാണ് ഗാന്ധിജിയെ കാണാന്‍ അന്നവിടെ എത്തിച്ചേര്‍ന്നത്.

1935 ന്റെ അവസാനത്തില്‍ ഗാന്ധിജി സബര്‍മതി ആശ്രമത്തിലെ ഗോശാല നിര്‍ത്തലാക്കും വരെ ടൈറ്റസ് ഗാന്ധിജിക്കൊപ്പം സബര്‍മതിയിലുണ്ടായിരുന്നു. പിന്നീട് ടൈറ്റസ്ജി കേരളത്തിലേക്ക് തിരിച്ചു പോന്നു. പിന്നീട് ഊട്ടി, പൂനെ, ഡല്‍ഹി, ഭോപ്പാല്‍, ഭിലായ് എന്നിവിടങ്ങളിലെ വന്‍കിട ഡയറികള്‍ കൈകാര്യം ചെയ്തപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഗാന്ധിയന്‍ സ്വാധീനം കുറയാതെ തുടര്‍ന്നു. ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ അദ്ദേഹവും കുടുംബവും ഭോപ്പാലില്‍ താമസമാക്കി. 1980 ഓഗസ്റ്റില്‍ തന്റെ എഴുപത്തിയഞ്ചാമത്തെ വയസില്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.