നക്ഷത്രങ്ങളെ തഴുകി അഭിലാഷങ്ങളുടെ ചിറകിലേറി ബഹിരാകാശത്തേക്കു പറക്കാനൊരുങ്ങുകയാണ് ഒരു മലയാളി പെണ്‍കുട്ടി. വാലന്റീന തെരഷ്‌കോവ എന്ന ആദ്യ വനിതാ ബഹിരാകാശ യാത്രിക തുറന്നിട്ട വാതിലിലൂടെ ഗഗനചാരിണിയാകാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയ്ക്കു കീഴില്‍ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇരുപത്തിനാലുകാരിയായ ആതിര പ്രീത റാണി.
പേയാട് മൂങ്ങോട് അക്ഷര നഗര്‍ പാലമറ്റത്ത് വി. വേണുവിന്റെയും പ്രീതയുടെയും മകളാണ് ആതിര. കല്‍പന ചൗളയ്ക്കും സുനിതാ വില്യംസിനും ശേഷം ബഹിരാകാശത്തേയ്ക്ക് പറക്കുന്ന മറ്റൊരു ഇന്ത്യന്‍ വനിതയും ആദ്യ മലയാളിയും എന്ന നേട്ടത്തിനായി കാത്തിരിക്കുകയാണ് ആതിരയും ഒപ്പം മലയാളിയും.
കാനഡയിലെ ഒട്ടാവയില്‍ താമസമാക്കിയ ആതിരയ്ക്ക് ആറു വയസുള്ളപ്പോള്‍ അച്ഛന്‍ വാങ്ങി നല്‍കിയ കളിപ്പാട്ട വിമാനത്തില്‍ തുടങ്ങിയ കൗതുകമാണ് വളര്‍ന്ന് വന്നപ്പോള്‍ ആകാശം മുട്ടിയത്.
തലസ്ഥാനത്തെ ജ്യോതിശാസ്ത്ര ഗവേഷകരുടെ സംഘടനയായ ആസ്‌ട്രോയുടെ സ്ഥിരം സാന്നിധ്യമായിരുന്നു ആതിര. അവിടുത്തെ സ്ഥിരം സന്ദര്‍ശനം ആകാശവും ആകാശ യാത്രയും സ്വപനം കാണാന്‍ പ്രേരിപ്പിക്കുകയായിരുന്നു അവളെ. കാനഡയിലെ ഒട്ടാവ അല്‍ഗോണ്‍ക്വിന്‍ കോളജില്‍ 'റോബോട്ടിക്‌സ്' പഠിക്കാന്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി. തുടര്‍ന്ന് കാനഡയില്‍ തുടര്‍ പഠനത്തിനായി പോയ ആതിര സ്വന്തമായി പഠിക്കുകയും ജോലി നേടുകയുമായിരുന്നു. അതിലെ സമ്പാദ്യം കൊണ്ട് പൈലറ്റ് പരിശീലനം നേടി. ഇതിനിടെ അല്‍ഗോണ്‍ക്വിന്‍ കോളജില്‍ നിന്ന് ഉന്നത വിജയവും കരസ്ഥമാക്കി. ഇരുപതാം വയസില്‍ ആദ്യമായി വിമാനം നിയന്ത്രിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നായി 12 പേരാണ് ഈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോനോട്ടിക്കല്‍ സയന്‍സ് എന്ന സംഘടന നടത്തുന്ന പരിശീലനത്തിന് ഉള്ളത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് പരിശീലന കാലയളവ്. തുടര്‍ന്ന് ബയോ അസ്‌ട്രോനോട്ടിക്‌സില്‍ ഗവേഷണവും പൂര്‍ത്തിയാക്കണം.
ആസ്‌ട്രോയുടെ ക്ലാസ് മുറിയില്‍ വച്ചാണ് ജീവിത പങ്കാളിയായ ഗോകുലിനെ പരിചയപ്പെടുന്നത്. കാനഡയില്‍ വ്യോമസേനയില്‍ ചേരാതെ തന്നെ പൈലറ്റ് പരിശീലനം നേടാനുള്ള അവസരം ഉണ്ടെന്ന് ഇതിനിടെ വിവാഹിതയായ ആതിര ഭര്‍ത്താവ് ഗോകുലുമായി ചേര്‍ന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്റ്റാര്‍ട്ടപ്പ് കാനഡയില്‍ തുടങ്ങി. വിവിധ ലക്ഷ്യങ്ങളോടെ 'എക്‌സോ ജിയോ എയിറോസ്‌പേസ്' എന്ന പേരില്‍ സ്‌പേസ് കമ്പനിയും ഇവര്‍ മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചു.
പിന്നാലെയാണ് ബഹിരാകാശ യാത്രയ്ക്കുള്ള അന്വേഷണങ്ങള്‍ തുടങ്ങിയത്. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോനോട്ടിക്കല്‍ സയന്‍സ് എന്ന സംഘടന നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാസ, കനേഡിയന്‍ സ്‌പേസ് ഏജന്‍സി, നാഷനല്‍ റിസര്‍ച് കൗണ്‍സില്‍ ഓഫ് കാനഡ എന്നീ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ വിവിധ ഘട്ടങ്ങള്‍ കടന്നാണ് ആതിര പദ്ധതിയുടെ ഭാഗമായത്. ആതിരയുടെ പറക്കലിനായി മലയാളിയും കാത്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.