ഇടുക്കി, മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; ബാണാസുര സാഗര്‍, കക്കി അണക്കെട്ടുകള്‍ തുറന്നു

ഇടുക്കി, മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; ബാണാസുര സാഗര്‍, കക്കി അണക്കെട്ടുകള്‍ തുറന്നു

പമ്പയിലും ഇടമലയാറിലും റെഡ് അലര്‍ട്ട്

കൊച്ചി: ജലനിരപ്പ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതുമാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

അതിനിടെ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന് താഴെ പുഴയുടെ തീരപ്രദേശത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നു വിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് 39 അടി പിന്നിട്ട് ഉയരുകയാണ്. ഇതേ തുടര്‍ന്ന് നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തി. സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ അധികമുയര്‍ത്തി. 20 ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആയാണ് ഉയര്‍ത്തിയത്. പത്തനംതിട്ട പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. 984.50 മീറ്ററാണ് പമ്പ ഡാമിലെ ജലനിരപ്പ്. കോഴിക്കോട് കക്കയം ഡാമും ഇന്നു തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് ഡാം തുറക്കും.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ആനത്തോട് അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ വഴി 100 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് എത്തിയതിനെ തുടര്‍ന്നാണ് കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.