ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുന്നു. 22 സ്വര്‍ണം അടക്കം 61 പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ന് പുരുഷ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് ഫൈനലില്‍ അചന്ത ശരത് കമാല്‍ സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്‍ഡിനെ 4-1ന് തോല്‍പ്പിച്ചാണ് ശരത് കമാല്‍ സ്വര്‍ണം നേടിയത്.
ഗെയിംസില്‍ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്സഡ് ടീം മത്സരങ്ങളില്‍ ശരത് സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ വെള്ളിയും.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ തകര്‍ത്ത് ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി. ഏഴ് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സത്തിയന്‍ ജയിച്ചത്. സ്‌കോര്‍: 11-9, 11-3, 11-5, 8-11, 9-11,10-12, 11-9.
അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യ വെള്ളിയില്‍ ഒതുങ്ങി. ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയ ഇന്ത്യയെ തകര്‍ത്ത് സ്വര്‍ണം നേടി. ഫൈനലില്‍ എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഓസ്ട്രേലിയ ജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.