നാസികളുടെ തടങ്കല്‍ പാളയത്തില്‍ മരണപ്പെട്ട കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ

നാസികളുടെ തടങ്കല്‍ പാളയത്തില്‍ മരണപ്പെട്ട കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 09

ഡിത്ത് സ്‌റ്റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ തെരേസ ബെനഡിക്ടാ 1891 ല്‍ ഇപ്പോള്‍ റോക്ക്‌ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലുള്ള ഒരു ഉന്നത യഹൂദ കുടുംബത്തിലായിരുന്നു ജനിച്ചത്. അവള്‍ക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. ബാല്യ കാലവും സ്‌കൂള്‍ പഠനവും ബ്രെസാലുവില്‍ തന്നെ ആയിരുന്നു.

പിന്നീട് പ്രമുഖ ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലുള്ള ഉന്നത പഠനങ്ങള്‍ വഴി നേടിയ അഗാധമായ പാണ്ഡിത്യം മൂലം അറിയപ്പെടുന്ന ഒരു തത്വചിന്തകയായി തെരേസ മാറി. തന്റെ കൗമാരത്തില്‍ തന്നെ യഹൂദ മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച അവള്‍ ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ വ്യക്തിപരമായ അനുഭവങ്ങളേയും ചേതനകളേയും ഘടനാപരമായി പഠിക്കുന്ന 'ഫിനോമിനോളജി' എന്ന തത്വശാത്ര ശാഖയില്‍ ആകൃഷ്ടയായി.

പ്രമുഖ 'ഫിനോമിനോളജിസ്റ്റ്' ആയിരുന്ന എഡ്മണ്ട് ഹുസെര്‍ട്ടിന്റെ ശിഷ്യത്വത്തില്‍ തെരേസ തന്റെ പഠനത്തില്‍ പുരോഗമിക്കുകയും 1916 ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1922 വരെ തെരേസ ഒരു സര്‍വ്വകലാശാല അധ്യാപികയായി സേവനം ചെയ്തു. പിന്നീട് മ്യൂണിക്കിലെ ഡൊമിനിക്കന്‍ വിദ്യാലയത്തിലേക്ക് മാറി. പക്ഷേ നാസികളുടെ സമ്മര്‍ദ്ദം കാരണം മ്യൂണിക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു.

തന്റെ പതിനാലാമത്തെ വയസില്‍ ദൈവവിശ്വാസം നഷ്ടപ്പെട്ട എഡിത്ത് സ്റ്റെയിന്‍ ഒരിക്കല്‍ ആവിലായിലെ വിശുദ്ധ തെരേസായുടെ ജീവചരിത്രം വായിക്കുവാനിടയായി. ഈ സംഭവം അവളുടെ ജീവിതത്തെ പാടെ മാറ്റി മറിച്ചു.

1933 ല്‍ ആവിലായിലെ വിശുദ്ധ തെരേസയെ അനുകരിച്ചു കൊണ്ട് അവള്‍ ഒരു കര്‍മ്മലീത്ത സന്യാസിനിയായി തീരുകയും കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.

1934-38 കാലയളവില്‍ കൊളോണ്‍ കാര്‍മ്മലില്‍ താമസിച്ചതിനു ശേഷം, വിശുദ്ധ നെതര്‍ലന്‍ഡിലെ എക്റ്റിലെ കര്‍മ്മലീത്ത ആശ്രമത്തിലേക്ക് മാറി. 1940 ല്‍ നാസികള്‍ ആ രാജ്യം തങ്ങളുടെ അധീനതയിലാക്കി. ഡച്ച് മെത്രാന്‍മാര്‍ തങ്ങളെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമായി നാസികള്‍ ക്രിസ്തുമതം സ്വീകരിച്ച ഡച്ച് ജൂതന്‍മാരെ മുഴുവന്‍ അറസ്റ്റ് ചെയ്തു.

1942 ല്‍ യഹൂദ പാരമ്പര്യമുള്ള നിരവധി കത്തോലിക്കാ വിശ്വാസികള്‍ക്കൊപ്പം വിശുദ്ധ തെരേസയേയും സഹപ്രവര്‍ത്തകരേയും നാസി ഭരണകൂടം അറസ്റ്റ് ചെയ്യുകയും കന്നുകാലികളെ കടത്താന്‍ ഉപയോഗിച്ചിരുന്ന ട്രെയിനില്‍ കയറ്റി ഓഷ്വിറ്റ്സ് തടങ്കല്‍ പാളയത്തിലേക്ക് അയക്കുകയും ചെയ്തു.

തെരേസയുടെ സഹോദരി റോസായും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ടുപേരും ഓഷ്വിറ്റ്‌സിലെ തടങ്കല്‍ പാളയത്തിലെ വിഷവാതക അറയില്‍ കിടന്ന് 1942 ഓഗസ്റ്റ് ഒമ്പതിന് മരണത്തിന് കീഴടങ്ങി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബര്‍ഗന്റിയിലെ അമോര്‍

2. പോര്‍ച്ചുഗലിലെ അമദേയൂസ്

3. മെറ്റ്‌സ് ബിഷപ്പായിരുന്ന ഔത്തോര്‍

4. ഫ്രാന്‍സ് ചാലോണ്‍സിലെ ഡോമീഷ്യന്‍

5. സ്വസണ്‍സ് ബിഷപ്പായിരുന്ന ബന്ദാറിഡൂസ്.

'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26