ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പരാതിയെത്തുടര്‍ന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ആറ് ദളിത്-ക്രിസ്ത്യന്‍ സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. അസംഗഢിലെ മഹാരാജ്ഗഞ്ച് സ്വദേശികളായ ഇന്ദ്രകല, സുഭാഗി ദേവി, സാധന, സവിത, അനിത, സുനിത എന്നിവരെ ഇന്ദ്രകലയുടെ വീട്ടില്‍ നിന്ന് മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 30 നാണ് സംഭവം ഉണ്ടായത്. 100 ഓളം വരുന്ന ആളുകള്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. ആഘോഷ പരിപാടികള്‍ക്കിടെ 15 വിഎച്ച്പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ആളുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവരെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും ബൈബിളുകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികളെ പിടികൂടാന്‍ കൂട്ടാക്കിയില്ല. പകരം അക്രമികളുടെ പരാതിയുടെ പുറത്ത് ആറു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തുടര്‍ന്ന് ഇവര്‍ക്കുമേല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഓഗസ്റ്റ് 16ന് വാദം നടക്കും.
ജന്മദിനാഘോഷം നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമാണെന്ന് ആരോപിച്ച് വിഎച്ച്പിയുടെ ബ്ലോക്ക് പ്രസിഡന്റ് അശുതോഷ് സിംഗ് നല്‍കിയ പരാതിയിലാണ് പൊലീസിന്റെ ഏകപക്ഷീയമായ നടപടി. 'അവര്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി എന്തോ ഉച്ചത്തില്‍ ഉരുവിടുകയും സ്ത്രീകളെ മതം മാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന്' അശുതോഷ് സിംഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സമാന സംഭവം 12 കിലോമീറ്റര്‍ അകലെ നടന്നിരുന്നെന്നും അവിടെ പിറന്നാള്‍ പാര്‍ട്ടി അല്ലായിരുന്നെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കള്ളപ്പരാതിയിലാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന ആക്ടിവിസ്റ്റ് ദിനനാഥ് ജയ്ശ്വര്‍ പറഞ്ഞു. ''ആറു ദളിത്-ക്രിസ്ത്യന്‍ സ്ത്രീകള്‍ ജയിലില്‍ കഴിയുന്നത് തുടരുകയാണ്. മഹേന്ദ്രകുമാറിന്റെ മകന്റെ പിറന്നാള്‍ ആഘോഷമായിരുന്നതിനാല്‍ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി. അവര്‍ യേശുവില്‍ വിശ്വസിക്കുന്നു, അതിനാല്‍ കേക്ക് മുറിക്കുന്നതിന് മുമ്പ് അവര്‍ പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അമിത് സിംഗ് എന്ന യുവാവ് വരികയും സ്ത്രീകളെ പോലീസ് പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. സ്ത്രീകളെ പ്രത്യേക ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയില്‍ ഹാജരാക്കി, എന്നിരുന്നാലും, സ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കുകയും അവരെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു''- ദിനനാഥ് ജയ്ശ്വര്‍ പറഞ്ഞു.
സ്ത്രീകളെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ മുനിഷ് ചന്ദ്ര ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ പ്രേരണയുണ്ടെന്നും സ്ത്രീകളുടെ കുടുംബങ്ങള്‍ അവരെ ആശ്രയിക്കുന്നതിനാല്‍ ജാമ്യം നല്‍കണമെന്നും വാദിച്ചു.
''സ്ത്രീകള്‍ അവരുടെ വീട്ടില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിഎച്ച്പി അംഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ പരാതി നല്‍കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പോലീസ് ഡയറിയില്‍ സ്ത്രീകളെ കൊണ്ടുപോയത് വൈകീട്ട് ആറ് മണിക്കാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങള്‍ അവരുടെ ജാമ്യത്തിനായി ശ്രമിച്ചു. സ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.'' കോടതി നടപടികള്‍ക്ക് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന ആറ് സ്ത്രീകളും സാമ്പത്തികമായി വളരെ ദരിദ്രരാണെന്ന് പ്രാദേശികമായി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ പറഞ്ഞു. ആറ് സ്ത്രീകളില്‍ ഒരാള്‍ ശാരീരിക വൈകല്യമുള്ളയാളാണ്, ഒരാള്‍ മൂന്ന് ചെറിയ കുട്ടികളുള്ള വിധവയാണ്, ഒരാള്‍ അവിവാഹിതയായ പെണ്‍കുട്ടിയാണ്. ഈ കുടുംബങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. അവരെ എത്രയും വേഗം ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ക്രിസ്ത്യന്‍ സമൂഹം അടുത്തിടെ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷത്തിന്റെ ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂട പിന്തുണയോടെ തീവ്ര ഹിന്ദു വാദികള്‍ക്ക് ക്രിസ്ത്യാനികളെ നിരന്തരം പീഡിപ്പിക്കുന്നു. 2022 ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ 80 ലധികം ക്രിസ്ത്യന്‍ പീഡന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആശങ്കാജനകമാണെന്ന് ഇന്ത്യയില്‍ പീഡനത്തിനിരയാകുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിനിധികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.