വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം; 64 രാജ്യങ്ങള്‍ പിന്നിട്ട ഹണിമൂണ്‍ യാത്രയുമായി ദമ്പതികള്‍

വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം; 64 രാജ്യങ്ങള്‍ പിന്നിട്ട  ഹണിമൂണ്‍ യാത്രയുമായി ദമ്പതികള്‍

കൊച്ചി: കല്യാണം കഴിഞ്ഞ് 11 വർഷമായി ഹണിമൂൺ ആഘോഷിക്കുകയാണ് അമേരിക്കൻ ദമ്പതികളായ മൈക്ക് ഹൊവാർഡും ആനും. 11 വർഷത്തിനിടെ 64 രാജ്യങ്ങൾ ഇരുവരും സന്ദർശിച്ചു.

2012 ജനുവരി 22ന് ന്യൂയോര്‍ക്കില്‍ ഹണിമൂൺ ആഘോഷിക്കാൻ എത്തിയ ദമ്പതികൾ പിന്നീട് അവിടുന്ന് തങ്ങളുടെ നീണ്ട യാത്ര ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ഒരിക്കൽപോലും തിരിച്ച് നാട്ടിലേക്ക് പോയിട്ടില്ല. പുറപ്പെടുമ്പോള്‍ കൈയില്‍ അങ്ങനെ അധികം പണമുണ്ടായിരുന്നില്ല. ഉടനെ നാട്ടിലേക്ക് മടങ്ങാനായിരുന്നു പരിപാടി. എന്നാൽ തങ്ങളുടെ യാത്ര യൂട്യൂബിലൂടെ പങ്കുവെച്ചപ്പോൾ ചെറിയ വരുമാനം ലഭിക്കുവാൻ തുടങ്ങി പിന്നീട് ആ യാത്ര 64 രാജ്യങ്ങൾ താണ്ടി ഇന്നു കൊച്ചിയിൽ വരെ എത്തി നിൽക്കുന്നു. ഇതിനിടെ യാത്രകളെക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ഇവരുടേയും ആദ്യ യാത്രാവിവരണ ഗ്രന്ഥമായ  'അർട്ടിമേറ്റ് ജേർണീസ് ഫോർ ടു' ഇന്ന് നാല് ഭാഷകളിലായി മികച്ച രീതിയിൽ വിറ്റഴിക്കപ്പെടുന്നു.

മീഡിയ സ്ട്രാറ്റജിസ്റ്റും, ഫോട്ടോഗ്രാഫറുമായിരുന്ന ഹൊവാർഡും, മാഗസിൻ എഡിറ്റർ ആയിരുന്ന ആനും തങ്ങളുടെ ഓരോ യാത്രകളും അതിമനോഹരങ്ങളായ ബ്ലോഗുകൾ ആക്കി മാറ്റി. ഹണിട്രെക്ക് എന്ന് പേര് നൽകിയ ബ്ലോഗുകളിലൂടെ തങ്ങളുടെ യാത്ര ലോകത്തിലെ നിരവധി ആളുകൾക്ക് പ്രചോദനമായി മാറി. ഇന്ന് 340,000 ഫോളോവേഴ്സുള്ള ഹണിട്രെക്ക് ലോകത്തിലെ ഏറ്റവും പ്രിയമേറിയ യാത്രാ ബ്ലോഗുകളിലൊന്നാണ്. 




ലോകത്തിലെ ഏറ്റവും നീണ്ട ഇവരുടെ ഹണിമൂൺ യാത്രയിൽ ഇപ്പോൾ ഇന്ത്യയും ഉൾപ്പെടുന്നു. ഫോര്‍ട്ടുകൊച്ചിയിലെ റെഡ്‌സ് റെസിഡന്‍സി ഹോംസ്‌റ്റേയിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.