ആന്തരിക അലസത പാടില്ല; നിദ്രയിലാണ്ട് പോകാതെ ഉണര്‍ന്നിരിക്കുക: ഫ്രാന്‍സിസ് പാപ്പ

ആന്തരിക അലസത പാടില്ല; നിദ്രയിലാണ്ട് പോകാതെ ഉണര്‍ന്നിരിക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ സ്‌നേഹവും കരുതലും ആവോളമുള്ളതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും അതേസമയം, ദൈവത്തെയും നമ്മുടെ സഹോദരീസഹോദരന്മാരെയും സേവിക്കുന്നതില്‍ ജാഗരൂകരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 32 മുതല്‍ 48 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്. സ്വര്‍ഗത്തില്‍ നിക്ഷേപം കരുതിവയ്ക്കാനും കര്‍ത്താവിന്റെ വരവ് പ്രതീക്ഷിച്ച് സദാ ജാഗരൂഗരായിരിക്കാനും ആഹ്വാനം ചെയ്യുന്ന ഭാഗമായിരുന്നു അത്.

ഭയപ്പെടേണ്ടെന്നും എല്ലായ്പ്പോഴും ജാഗരൂകരായിരിക്കാനും യേശു തന്റെ ശിഷ്യന്മാര്‍ക്ക് ആത്മധൈര്യം പകരുന്ന വേദഭാഗം പാപ്പ വിശദീകരിച്ചു. രണ്ടു കാര്യങ്ങള്‍ക്കാണ് യേശു ഊന്നല്‍ നല്‍കുന്നത്. ആദ്യത്തേത് 'ചെറിയ അജഗണമേ, ഭയപ്പെടേണ്ട' (ലൂക്കാ 12:32); രണ്ടാമത്തേത് 'ഒരുങ്ങിയിരിക്കുക' (ലൂക്കാ 12:35).

നമ്മോടുള്ള പിതാവിന്റെ സ്നേഹവും കരുതലും നിറഞ്ഞ പരിചരണത്തെക്കുറിച്ച് വിശദീകരിച്ച് യേശു ശിഷ്യര്‍ക്ക് പ്രചോദനം പകരുകയാണ് ഈ സുവിശേഷ ഭാഗത്തില്‍. നമ്മുടെ ജീവിതം ദൈവത്തിന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മാര്‍പ്പാപ്പ വിശദീകരിക്കുന്നു.

യേശുവിന്റെ ഈ ഉറപ്പ് നമ്മെ ധൈര്യപ്പെടുത്തുന്നു.

ചില സമയങ്ങളില്‍ ഉത്കണ്ഠകള്‍, ആകുലതകള്‍, അവിശ്വാസം, പരാജയത്തെക്കുറിച്ചുള്ള ഭയം, അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നില്ലയെന്ന ആശങ്ക എന്നിവയുടെ തടവറയിലായിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ഇത് നമ്മില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും തെറ്റായ സുരക്ഷിതത്വബോധം നല്‍കുന്ന സമ്പത്തും വസ്തുവകകളും ശേഖരിക്കാനുള്ള ആഗ്രഹത്തിനും ഇടയാക്കും.

എന്നാല്‍ യേശു നമുക്ക് ഉറപ്പുനല്‍കുന്നു. ഭയപ്പെടേണ്ട! നിങ്ങള്‍ക്ക് യഥാര്‍ത്ഥമായി ആവശ്യമുള്ളതെല്ലാം നല്‍കാന്‍ ആഗ്രഹിക്കുന്ന പിതാവില്‍ വിശ്വാസമര്‍പ്പിക്കുക. അവിടുന്ന് ഇതിനകം സ്വന്തം പുത്രനെ നിങ്ങള്‍ക്കു നല്‍കി. അവന്റെ രാജ്യം നല്‍കി. അനുദിനം നമ്മെ കാത്തുപരിപാലിച്ച് അവിടുന്ന് എല്ലായ്‌പ്പോഴും അനുഗമിക്കുന്നു.

അതേസമയം, കര്‍ത്താവ് നമ്മെ സ്നേഹത്തോടെ കാത്തുപരിപാലിക്കുന്നു എന്ന അവബോധം അലസരായിരിക്കാന്‍ നമ്മെ അനുവദിക്കുന്നില്ല. മറിച്ച് നാം എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് പരിശുദ്ധ പിതാവ് നിര്‍േദശിക്കുന്നു.

സ്നേഹിക്കുക എന്നതിനര്‍ത്ഥം മറ്റുള്ളവരുടെ കാര്യത്തിലും ആവശ്യങ്ങളിലും ശ്രദ്ധയുള്ളവരായിരിക്കുക, അവരെ കേള്‍ക്കാനും സ്വാഗതം ചെയ്യാനും തയ്യാറാകുക എന്നാണ്.

നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ജാഗ്രത പാലിക്കേണ്ടതിന്റെയും സജ്ജരായിരിക്കേണ്ടതിന്റെയും ആവശ്യകത ക്രിസ്തീയ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതായി മാര്‍പ്പാപ്പ വിശദീകരിച്ചു. നാം ഉണര്‍ന്നിരിക്കുക എന്ന സന്ദേശത്തോടെ യേശു പറയുന്ന ഉപമകളില്‍ സജ്ജരായിരിക്കാനുള്ള ക്ഷണം പലതവണ ആവര്‍ത്തിക്കുന്നു.

ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും ആന്തരിക അലസതയ്ക്ക് വഴങ്ങുന്നത് ഒഴിവാക്കാനും പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. കാരണം നാം പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലും സമയങ്ങളിലും കര്‍ത്താവ് വരുന്നു. നിദ്രയിലാണ്ടുപോകാതെ ഉണര്‍ന്നിരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.

ജീവിതാവസാനത്തില്‍, അവിടുന്ന് നമ്മെ ഏല്‍പ്പിച്ചവയുടെ കണക്ക് ചോദിക്കുന്നതിനാല്‍ ജാഗരൂകരായിരിക്കുകയും ഉത്തരവാദിത്വമുള്ളവരായിരിക്കുകയും ചെയ്യുക. അതായത്, ആ വസ്തുക്കളെ വിശ്വസ്തതയോടെ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക.

നമുക്ക് കര്‍ത്താവില്‍നിന്നു ലഭിച്ച ദാനങ്ങളായ വിശ്വാസം, കുടുംബം, ബന്ധങ്ങള്‍, സമൂഹം, തുടങ്ങിയവയെ നാം വിലമതിക്കുകയും നിധിപോലെ കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടോ? നമുക്ക് നല്‍കപ്പെട്ടിരിക്കുന്നവയുടെ സംരക്ഷകരാണോ നമ്മളെന്ന് സ്വയം ചോദിക്കണമെന്ന് മാര്‍പ്പാപ്പ പ്രേരിപ്പിച്ചു.

കര്‍ത്താവ് എപ്പോഴും നമ്മെ അനുഗമിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ഭയലേശമന്യേ മുന്നോട്ടുനീങ്ങാം. കര്‍ത്താവ് കടന്നുപോകുമ്പോള്‍ നാം ഉറങ്ങിപ്പോകാതിരിക്കാന്‍ ജാഗരൂകരായിരിക്കാം എന്നു പറഞ്ഞാണ് മാര്‍പാപ്പ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.