വിശുദ്ധ ലോറന്‍സ്: ഇരുമ്പടുപ്പില്‍ വെന്തു മരിച്ച ധീര രക്തസാക്ഷി

വിശുദ്ധ ലോറന്‍സ്:  ഇരുമ്പടുപ്പില്‍ വെന്തു മരിച്ച ധീര രക്തസാക്ഷി

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 10

ത്തോലിക്കാ സഭയുടെ പ്രാരംഭ ദിശയിലെ വളരെ പ്രശസ്തനായ ഒരു വേദ സാക്ഷിയാണ് യുവ ഡീക്കണയിരുന്ന വിശുദ്ധ ലോറന്‍സ്. അദ്ദേഹത്തിന്റെ ബാല്യ കാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹം സ്പെയിനിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി 251 ല്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട സിക്സ്റ്റസ് രണ്ടാമനാണ് ലോറന്‍സിന് ആര്‍ച്ച് ഡീക്കന്‍ പദവി നല്‍കിയത്.

എ.ഡി. 257 ല്‍ അന്നത്തെ റോമാ ചക്രവര്‍ത്തിയായിരുന്ന വലേറിയന്‍ ക്രൈസ്തവ സഭയെ ഉന്മൂലനം ചെയ്യുന്നതിനായി സ്ഥലത്തുള്ള മെത്രാന്മാരെയും വൈദികരെയും ഡീക്കന്മാരെയും വധിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് സിക്സ്റ്റസ് രണ്ടാമന്‍ പാപ്പായെ ശത്രുക്കള്‍ പിടികൂടുകയും വധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

വധ സ്ഥലത്തേയ്ക്കു കൊണ്ടുപോയ പാപ്പായെ കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് ലോറന്‍സ് അനുഗമിച്ചു. 'നമ്മുടെ നാഥന്റെ മാംസ, രക്തങ്ങള്‍ ബലിയര്‍പ്പിച്ചിരുന്ന അവസരങ്ങളില്‍ അങ്ങയെ സഹായിച്ചിരുന്നത് ഞാനായിരുന്നല്ലോ. എന്നാല്‍ പരിശുദ്ധ പിതാവ് സ്വരക്തം ചിന്തപ്പെടാന്‍ പോകുമ്പോള്‍ എന്നെ കൊണ്ടു പോകാത്തത് എന്താണ്?' എന്നു ചോദിച്ച ലോറന്‍സിനോട് അദ്ദേഹം പറഞ്ഞു: 'മകനേ കരയാതിരിക്കൂ. കൂടുതല്‍ ക്ലേശകരമായ പാതയിലൂടെ മൂന്നു ദിവസത്തിനുള്ളില്‍ നീയും എന്നെ അനുഗമിക്കും. നിന്റെ കൈയ്യിലുള്ള നിധിയെല്ലാം ദരിദ്രര്‍ക്ക് ഭാഗിച്ചു കൊടുക്കുക.'

തിരുസഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന ലോറന്‍സിനെ അധികം താമസിക്കാതെ തന്നെ നഗരാധിപന്‍ വിളിച്ചു വരുത്തി. ''സഭ വക സമ്പാദ്യങ്ങള്‍ കൊടുത്താല്‍ പൂര്‍ണ സ്വാതന്ത്ര്യം'' എന്നതായിരുന്നു ലോറന്‍സിന്റെ മുന്നില്‍ നഗരാധിപന്‍ വച്ചുനീട്ടിയ വാഗ്ദാനം. മൂന്നു ദിവസത്തിനുള്ളില്‍ സഭയുടെ സ്വത്തുക്കള്‍ കാണിച്ചു തരാം എന്നു വാക്ക് കൊടുത്ത ലോറന്‍സിന് അധികാരി മൂന്നു ദിവസത്തെ അവധി നല്‍കി.

ഈ മൂന്നു ദിവസത്തിനുള്ളില്‍ ലോറന്‍സ് തന്റെ കൈവശം ഏല്‍പിക്കപ്പെട്ടിരുന്ന ധനമെല്ലാം ദരിദ്രര്‍ക്ക് ദാനം നല്‍കി. മൂന്നാം ദിവസം രാവിലെ വാഗ്ദാനാനുസരണം സ്വത്തുക്കള്‍ കാട്ടിത്തരാന്‍ നഗരാധിപന്‍ ലോറന്‍സിനോട് ആവശ്യപ്പെട്ടു. തന്റെ നിര്‍ദേശമനുസരിച്ച് അവിടെ കൂടിയിരുന്ന ദരിദ്രരായ സഹസ്ര ജനങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ലോറന്‍സ് പറഞ്ഞു: 'കണ്ടാലും, ഇതാ സഭയുടെ സമ്പാദ്യം.'

കോപത്താല്‍ ജ്വലിച്ച അധികാരി ലോറന്‍സിനെ അതിക്രൂരമായി വധിക്കുവാന്‍ ഉത്തരവിട്ടു. സാവകാശം ഓരോ അവയവവും വെന്തു ദഹിക്കത്തക്കവണ്ണം കല്‍ക്കരി നിറച്ചുള്ള ഒരു ഇരുമ്പടുപ്പ് സജ്ജമാക്കാന്‍ അദ്ദേഹം കല്‍പിച്ചു. പീഡന യന്ത്രത്തിലെ അഗ്‌നി അദ്ദേഹത്തില്‍ എരിഞ്ഞിരുന്ന സ്നേഹാഗ്‌നിയുടെ ആധിക്യത്താല്‍ വിശുദ്ധന്‍ അറിഞ്ഞതേയില്ല.

കുറേ നേരം അതേ സ്ഥിതിയില്‍ കിടന്ന ലോറന്‍സ് പറഞ്ഞു: 'ഒരു വശം നല്ലവണ്ണം വെന്തു കഴിഞ്ഞിരിക്കുന്നു. ഇനി മറിച്ചു കിടത്താം.'' പീഡകര്‍ അദ്ദേഹത്തെ മറിച്ചു കിടത്തി. അല്‍പസമയം കഴിഞ്ഞ് ലോറന്‍സ് വീണ്ടും പറഞ്ഞു: 'കൊള്ളാം, നന്നായി വെന്തു കഴിഞ്ഞിരിക്കുന്നു. ഇനിയെടുത്തു ഭക്ഷിക്കാം.' ഈ അവസ്ഥയിലും അദ്ദേഹം ആ മഹാനഗരത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

വിശുദ്ധന്റെ ആത്മബലി പരിപൂര്‍ണ്ണമാകേണ്ട സമയം സമാഗതമായപ്പോള്‍ കണ്ണുകള്‍ സ്വര്‍ഗത്തിലേക്കുയര്‍ത്തി അദ്ദേഹം തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധനെ വധിക്കുന്നതു കാണാനെത്തിയ ക്രൈസ്തവ വിരുദ്ധരെല്ലാം അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസവും സഹന ശക്തിയും കണ്ട് മാനസാന്തരപ്പെട്ട് 'ഞങ്ങള്‍ക്കും ക്രിസ്ത്യാനികളാകണം' എന്ന് വിളിച്ചുപറഞ്ഞു. അവര്‍ തന്നെയാണ് വിശുദ്ധന്റെ മൃതദേഹം ഭക്തിപൂര്‍വ്വം സംസ്‌കരിച്ചതും. അദ്ദേഹത്തിന്റെ മരണം പിന്നീട് റോമായുടെ മാനസാന്തരത്തിനു തന്നെ വഴി തെളിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ അസ്റ്റേരാ

2. ഫ്രാന്‍സിലെ അജില്‍ ബെര്‍ത്താ

3. കാര്‍ത്തേജിലെ ബാസാ, പൗള, അഗത്തോനിക്കാ

4. ലിയോണ്‍സ് ആര്‍ച്ച് ബിഷപ്പായിരുന്ന അരേഡിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26