ലേഡീസ് ക്വാട്ട സീറ്റുകള്‍ ഇഷ്ടാനുസരണം എടുക്കാം; 'സിംഗിള്‍ ലേഡി ബുക്കിങ്' സിസ്റ്റവുമായി കെഎസ്ആര്‍ടിസി

ലേഡീസ് ക്വാട്ട സീറ്റുകള്‍ ഇഷ്ടാനുസരണം എടുക്കാം; 'സിംഗിള്‍ ലേഡി ബുക്കിങ്' സിസ്റ്റവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മൂന്നു മുതല്‍ ആറു വരെ എണ്ണം സീറ്റുകള്‍ സ്ഥിരമായി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി അനുവദിച്ചിരുന്നു. എന്നാല്‍ മുന്നിലെ ഇത്തരം റിസര്‍വ്ഡ് സീറ്റുകള്‍ സ്ത്രീകള്‍ പലപ്പോഴും റിസര്‍വ് ചെയ്യാതെ സൗകര്യമായ വിന്റോ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വനിതാ റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നിരുന്നു.

ഒറ്റയ്ക്ക് റിസര്‍വ്വ് ചെയ്ത ജനറല്‍ സീറ്റിലെ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷന്‍മാര്‍ റിസര്‍വ് ചെയ്‌തോ ടിക്കറ്റെടുത്തോ ഇരിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം സൂപ്പര്‍ ക്ലാസ് ബസുകളില്‍ തിരക്കുണ്ടായാലും സ്ത്രീ യാത്രക്കാരുടെ അഭാവത്തില്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ച റിസര്‍വ്വ് ചെയ്യാത്ത സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയും കോര്‍പ്പറേഷന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്.

ഇതിനെല്ലാം പരിഹാരമായി ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ റിസര്‍വേഷന്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും യോഗ്യമായ സീറ്റ് സ്ത്രീകള്‍ക്ക് മാത്രമായ സീറ്റുകളായി പുനര്‍ നിര്‍ണയം വരികയും തൊട്ടടുത്ത സീറ്റും സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ലേഡീസ് ക്വാട്ടാ സീറ്റുകള്‍ സ്ത്രീകള്‍ക്ക് ഇഷ്ടനുസരണം സെലക്ട് ചെയ്യാവുന്ന സാഹചര്യമാണ് കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ 'സിംഗിള്‍ ലേഡി ബുക്കിംഗ്' എന്ന ഒരു ന്യൂതന സംവിധാനം വഴി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സംവിധാനത്തില്‍ ഒരു സ്ത്രീ യാത്രക്കാരിക്ക് ലേഡീസ് ക്വാട്ട ബുക്കിംഗ് ക്ലിക്ക് ചെയ്തു റിസര്‍വേഷനില്‍ എന്റര്‍ ചെയ്താല്‍ മറ്റേതെങ്കിലും സ്ത്രീ യാത്രക്കാരി ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റ് തന്നെ ലഭിക്കും. ബസില്‍ ആരും തന്നെ ബുക്ക് ചെയ്തിട്ടില്ല എങ്കില്‍ സിസ്റ്റം സ്വമേധയാ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് സ്ത്രികള്‍ക്കായി അലോട്ട് ചെയ്യുകയും അവര്‍ക്ക് ആ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.

ഇത്തരത്തില്‍ ബുക്ക് ചെയ്ത ഒരു സീറ്റിനു തൊട്ടടുത്ത സീറ്റില്‍ പുരുഷ യാത്രക്കാരന് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒന്നിലധികം സ്ത്രീ യാത്രക്കാര്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ പ്രത്യേകം പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ലേഡീസ് ക്വാട്ട ബുക്കിംഗ് ക്ലിക്ക് ചെയ്യാതെ റിസര്‍വ് ചെയ്യാവുന്നതും ഇത്തരം സ്തീ യാത്രക്കാര്‍ക്ക് 'സിംഗിള്‍ ലേഡി ബുക്കിംഗ്' ഇല്ലാത്ത ഏതൊരു സീറ്റും സ്വീകരിക്കാവുന്നതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.