മോസ്‌കോ: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ യുദ്ധഭൂമികളില്‍ റഷ്യന്‍ ജയിലറകളില്‍ കഴിയുന്ന കുറ്റവാളികളെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി റിക്രൂട്ട് ചെയ്യുന്നതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ പ്രതിഫലവും ശിക്ഷ ഇളവും ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളില്‍ വീണ് ആയിരക്കണക്കിന് തടവുകാരാണ് യുദ്ധത്തിന് സന്നദ്ധരായി മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരിലേറെ പേരുടെ ശരീരം ജീവനറ്റാണ് ബന്ധുക്കളുടെ കൈകളിലെത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടവരെയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും വരെ സ്വാതന്ത്രത്തിന്റെയും സമ്പത്തിന്റെയും 'മോഹന' വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചാണ് യുദ്ധമുഖത്ത് എത്തിക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതപത്രം വാങ്ങുന്നതിനായി ബന്ധുക്കളുമായി സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ജയില്‍ അധികൃതര്‍ ചെയ്തു കൊടുക്കുന്നു.
ജയിലിലെ ദുരവസ്ഥയില്‍ നിന്ന് മോചനം സ്വപ്‌നം കണ്ട് പലരും ഭ്രാന്തമായ അഭിനിവേശത്തോടെയാണ് വാഗ്ദാനങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചുമൊക്കെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുന്നത്. പട്ടണിയില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും കരകയറാന്‍ മക്കളെയും ഭര്‍ത്താക്കന്മാരെയും യുദ്ധത്തിനയയ്ക്കാന്‍ സമ്മതിക്കേണ്ടിവരുന്ന അമ്മമാരുടെയും ഭാര്യമാരുടെയും പ്രതികരങ്ങളും മാധ്യമം പുറത്തുവിടുന്നു.
റഷ്യയിലുടനീളമുള്ള ഡസന്‍ കണക്കിന് ജയിലുകളില്‍ നിന്ന് ആയിരത്തിലേറെ തടവുപുള്ളികളെയാണ് യുദ്ധത്തിനായി ഇതുവരെ റിക്രൂട്ട് ചെയ്തിട്ടുള്ളത്. കൊലപാതികള്‍ മുതല്‍ മയക്കുമരുന്ന് കുറ്റവാളികള്‍ വരെ ഇതിലുണ്ട്. എന്നാല്‍ ബലാത്സംഗം, തീവ്രവാദ, രാജ്യദ്രോഹ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ ചെയ്തവരെ ഒഴിവാക്കി. മരണ സാധ്യത കൂടിയ യുദ്ധ മേഖലകളിലാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്.
യുദ്ധക്കാലയളവില്‍ പ്രതിമാസം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം റൂബിള്‍ വരെയാണ് ഓരോര്‍ത്തര്‍ക്കും വാഗ്ദാനം ചെയ്ത പ്രതിഫലം. ഒപ്പം ആറു മാസത്തിനുള്ളില്‍ ശിക്ഷ ഇളവും യുദ്ധത്തിന് സന്നദ്ധരാകുന്നവര്‍ക്ക് നല്‍കും. യുദ്ധത്തിനിടെ മരണപ്പെട്ടാല്‍ അഞ്ച് ദശലക്ഷം റൂബിള്‍ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിക്കുമെന്നും വാഗ്ദാനത്തില്‍ പറയുന്നു. ജയിലിലെ ദുരവസ്ഥയില്‍ നിന്ന് എങ്ങനെങ്കിലും പുറത്തുകടന്ന് മക്കള്‍ക്കും കുടുംബത്തിനുമൊപ്പം ശേഷിക്കുന്ന കാലം സ്വസ്ഥമായി ജീവിക്കണമെന്ന് സ്വപ്‌നം കണ്ടു കഴിയുന്നവര്‍ ഇതിന് സമ്മതിക്കേണ്ടി വരികെയാണ്. യുദ്ധമുഖത്ത് നിന്ന് ജീവനോടെ തിരിച്ചുവരാനാകുമോയെന്നു പോലും കരുതാതെ.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പാചകക്കാരനായ യെവ്‌ജെനി പ്രിഗോജിന്റെ ഉടമസ്ഥതിയുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ വാഗ്‌നര്‍ വഴിയാണ് തടവ് പുള്ളികളെ റിക്രൂട്ട് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ സൈനിക കരാര്‍ കമ്പനിയാണ് വാഗ്‌നര്‍. വാഗ്ദാനങ്ങള്‍ വെറു പാഴ്‌വാക്കുകളാണെന്ന് അറിയാതെ സ്വാതന്ത്ര്യത്തിന്റെ ലോകം സ്വപ്‌നം കണ്ട് ഇവര്‍ യുദ്ധത്തിന് സമ്മതിക്കും.
റോസ്‌തോവ് മേഖലയില്‍ രണ്ടാഴ്ചത്തെ പരിശീലനം ഇവര്‍ക്കുണ്ടാകും. തോക്ക് ഉപയോഗം, സൈനികരെ സഹായിക്കല്‍ തുടങ്ങി യുദ്ധത്തിന്റെ ഏറ്റവും അപകടകരമായ മേഖലയില്‍ വരെ ഇവര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കും. യുദ്ധമുഖത്തേക്ക് ആദ്യം അയയ്ക്കുന്നത് ഇവരെയാണ്. വിദഗ്ധപരിശീലനം ഇല്ലാത്ത ഇവരെ ഉക്രെയന്‍ സൈന്യത്തിന് അനായാസമായി വകവരുത്താനാകും. ഈ അവസരം മുതലെടുത്ത് റഷ്യന്‍ സൈന്യം പ്രത്യോക്രമണം നടത്തുകയാണ് രീതി. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ റഷ്യയുടെ ഭാഗത്ത് മരണപ്പെടുന്നവരില്‍ ഏറെയും ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തടവ് പുള്ളികളാണെന്ന് മോചനത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടനയുടെ മേധാവി വ്ളാഡിമിര്‍ ഒസെച്ച്കിന്‍ പറഞ്ഞു.
യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരില്‍ തങ്ങളുടെ ബന്ധുക്കള്‍ ഉണ്ടോയെന്നറിയാന്‍ തടവുകാരുടെ ഉറ്റവര്‍ കയറിയിറങ്ങുന്ന കാഴ്ച്ചയാണ് രാജ്യത്തെ പല ആശുപത്രികളിലെന്നും അദ്ദേഹം പറഞ്ഞു. ''എന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട പത്ത് പേരുള്ള യൂണിറ്റില്‍ ഇപ്പോള്‍ മൂന്ന് പേര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ''- യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരു തടവ് പുള്ളിയുടെ ഭാര്യ സിഎന്‍എന്‍ മാധ്യമത്തോട് പറഞ്ഞു.
150 ദിവസത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 75,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റഷ്യ ഇത് അംഗീകരിക്കുന്നില്ല. സത്യം ഇതായിരിക്കെ സൈനികരുടെ എണ്ണത്തില്‍ ഇനിയും കുറവ് വരാതിരിക്കാനാണ് തടവ് പുള്ളികളെ യുദ്ധത്തിനായി പ്രേരിപ്പിക്കുന്നതെന്നും വ്ളാഡിമിര്‍ ഒസെച്ച്കിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.