രോഷത്തിരമാല...; ബോട്ടുകളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍

 രോഷത്തിരമാല...; ബോട്ടുകളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: തീരദേശ ജനതയെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ആരോപിച്ച് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. വള്ളങ്ങളും ബോട്ടുകളും ആയാണ് പ്രതിഷേധം. സമരം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള തീരശോഷണത്തിന് എതിരെയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് വളഞ്ഞ്.

ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ പല സ്ഥലത്തും സംഘര്‍ഷം ഉടലെടുത്തു. തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംക്ഷന്‍, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്.

സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും സമര നേതാക്കള്‍ പറഞ്ഞു. വാഹനങ്ങള്‍ കടത്തി വിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങള്‍ കയറ്റിയ ചില വാഹനങ്ങള്‍ സമര കേന്ദ്രമായ മ്യൂസിയം ജംക്ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തിന്റെ ഭാഗമായിട്ടുണ്ട്.

തീര ശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ ഉള്ള തീരദേശവാസികളും പട്ടിണിയിലാണെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനു പോയ അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം കാരണം പനത്തുറ മുതല്‍ വേളിവരെ കടല്‍ത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകള്‍ നഷ്ടമായതായി ജനറല്‍ കണ്‍വീനര്‍ മോണ്‍ യൂജിന്‍ എച്ച്. പെരേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.