ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കും; നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍

ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കും; നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പിച്ചതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ കേരളാ നിയമസഭാ സമ്മേളനം ഓഗസ്റ്റില്‍ ചേരും. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തില്‍ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സാഹചര്യത്തിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവന്‍ ഇതുവരെ സര്‍ക്കാറിലേക്ക് തിരിച്ച് അയച്ചിട്ടുമില്ല.

പുതുക്കി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരുന്നത്. നിയമസഭ ബില്‍ പാസാക്കിയാലും ഗവര്‍ണ്ണര്‍ അനുമതി നല്‍കണമെന്നുള്ളതാണ് അടുത്ത കടമ്പ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.