സഭാ തര്‍ക്കം: സമവായ നിര്‍ദേശവുമായി ഹൈക്കോടതി; ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭ

സഭാ തര്‍ക്കം: സമവായ നിര്‍ദേശവുമായി ഹൈക്കോടതി; ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ പുതിയ നിര്‍ദേശവുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ സമവായ നിര്‍ദ്ദേശവുമായാണ് ഹൈക്കോടതി രംഗത്ത് വന്നത്. യാക്കോബായാ വിഭാഗത്തിന് പരിമിതമായ സൗകര്യങ്ങള്‍ അനുവദിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തോട് ഓര്‍ത്തഡോക്‌സ് സഭ എതിര്‍ത്ത് പ്രകടിപ്പിച്ചു.

കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയക്ക് വന്നത്. ഇവിടെ സിംഗിള്‍ ബെഞ്ച് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വന്ന അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സമവായ നിര്‍ദേശം മുന്നോട്ട് വെച്ചത്.

യാക്കോബായ വിഭാഗത്തിന് ഇടവക വിശ്വാസികള്‍ക്കിടയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ പുതിയ ഒരു നിര്‍ദേശം നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ അവര്‍ക്ക് പരിമിതമായ ആരാധന സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും അതിനുള്ള സാധ്യത പരിശോധിക്കാനുമാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭൂരിപക്ഷമുള്ള പള്ളികളിലും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരണപരമായ കാര്യങ്ങളും പള്ളിയുടെ വികാരി അടക്കമുള്ളവ ഓര്‍ത്തഡോക്‌സ് സഭ തന്നെ ആയിരിക്കും. എന്നാല്‍ വിശ്വാസികളില്‍ ഭൂരിപക്ഷമുള്ള യാക്കോബായ സഭയ്ക്ക് പരിമിതമായ സൗകര്യങ്ങള്‍ നല്‍കുക എന്നാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ ഇത് സുപ്രീം കോടതി വിധിക്ക് വിരുദ്ധമായ നിര്‍ദ്ദേശമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.