മത്സ്യത്തൊഴിലാളികളുടെ ആശങ്ക അധികാരികള്‍ പരിഗണിച്ചില്ല; മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത സമീപനം: രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ

മത്സ്യത്തൊഴിലാളികളുടെ ആശങ്ക അധികാരികള്‍ പരിഗണിച്ചില്ല; മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത സമീപനം: രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ

തിരുവനന്തപുരം: ഒരു ശതമാനം പോലും ആത്മാര്‍ത്ഥതയില്ലാത്ത കണ്ണില്‍പ്പൊടിയിടുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് ലത്തീന്‍ കത്തോലിക്ക സഭ. കണ്ണില്‍ പൊടിയിടുന്ന രീതിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ആരോപിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക അധികാരികള്‍ പരിഗണിച്ചില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ലെന്നും മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസെപാക്യം ആരോപിച്ചു.

മത്സ്യത്തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ എല്ലാം പാഴ് വാക്കായി. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരമാണ് ഇത്. ജീവന്മരണ പോരാട്ടമാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നേരിട്ട് കാണാന്‍ കൂട്ടാക്കാതെ മന്ത്രിമാരെ ചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കുറ്റപ്പെടുത്തി. ഒരു ശതമാനം പോലും ആത്മാര്‍ത്ഥത ഇല്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്. സമാധാനത്തോടെ പ്രതിഷേധിച്ചപ്പോള്‍ അധികാരികള്‍ കുതന്ത്രം ഉപയോഗിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ചു. നാളെ മുതല്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. വള്ളങ്ങളും ബോട്ടുകളുമായിട്ടായിരുന്നു
  പ്രതിഷേധം. ലത്തീന്‍ രൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. വിവിധ ഇടങ്ങളില്‍ ബോട്ടുകള്‍ കൊണ്ടു വരുന്നത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും സമര നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ തീര ദേശവാസികള്‍ ശക്തമായ സമരമായി ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞത്. കഴിഞ്ഞ 20 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്ന് നഗരത്തിലേക്ക് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ വള്ളങ്ങളുമായി സമരത്തിനെത്തിയത്.

എന്നാല്‍, പ്രകടനത്തിന് അനുമതി നല്‍കിയിരുന്ന പൊലീസ് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് വള്ളങ്ങള്‍ തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിന് ഇടയാക്കി. ഒടുവില്‍ സമരക്കാരുടെ സമരവീര്യത്തിന് അടിയറ പറഞ്ഞ പൊലീസ് വള്ളങ്ങളുപയോഗിച്ചുള്ള സമരത്തിന് അനുമതി നല്‍കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തീരദേശവാസികളുടെ സമരം.


കാലവര്‍ഷത്തില്‍ തീരശോഷണം ശക്തമാകുമ്പോള്‍ വീടുകള്‍ നഷ്ടമാകുന്നുവെന്നും ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ആയും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു. തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു.

തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500 ഓളം വീടുകള്‍ കടലെടുത്തെന്ന് സമരക്കാര്‍ ആരോപിച്ചു. അതോടൊപ്പം തീരദേശത്ത് ഇപ്പോഴുള്ള വീടുകളും കടലെടുക്കുമെന്ന ഭീഷണി നേരിടുകയാണ്. തീരശോഷണം തീരദേശത്തെ ജീവിതം തന്നെ തകിടം മറിച്ചെന്നും അതോടൊപ്പം മണ്ണെണ്ണ വില കുതിച്ചുയരുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.

തമിഴ്‌നാട്ടില്‍ ലിറ്ററിന് 25 രൂപയുള്ള മണ്ണെണ്ണെ കേരളത്തിലെത്തുമ്പോള്‍ 125 രൂപയായി ഉയരുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയാണ് ബാധിക്കുന്നതെന്നും സമരക്കാര്‍ പറയുന്നു. കൃത്യമായ പഠനത്തിന് ശേഷം മാത്രം വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പാടൊള്ളൂവെന്നും അതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

അതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരുപതോളം വള്ളങ്ങളാണ് സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എത്തിച്ചത്.

നഷ്ടപ്പെട്ട തീരത്തിന് പകരം സെക്രട്ടേറിയറ്റ് പരിസരം തീരദേശവാസികളുടെ വീടും പരിസരവുമായി മാറുമെന്ന് ഡോ. തോമസ് ജെ നെറ്റൊ പറഞ്ഞു. സമരം തടയാന്‍ അധികാരികള്‍ വിചിത്രമായ കുതന്ത്രം പ്രയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് ലത്തീന്‍ അതിരൂപത നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.