ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും വിമാന കമ്പനികളുടെ നിരന്തര അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് നടപടി.
ഓഗസ്റ്റ് 31 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. ഇതോടെ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം യാത്രക്കാരില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും ഇന്ധനത്തിന്റെ വില വര്‍ധനവും ആവശ്യകതയും പരിഗണിച്ചാണ് വിമാന കമ്പനികള്‍ സര്‍ക്കാരിനോട് പരിധി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം.
2020 മെയ് 25 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ചത്. ഏഴ് വിഭാഗങ്ങളായി തിരിച്ചായിരുന്നു വിമാന ടിക്കറ്റുകള്‍ക്ക് പരിധി നിശ്ചയിച്ചിരുന്നത്. 0-30 മിനിറ്റുവരെ ദൈര്‍ഘ്യം എടുക്കുന്ന യാത്രകള്‍ക്ക് കുറവ് നിരക്കും, 180-210 മിനിറ്റുകള്‍ വരെയുള്ള യാത്രകള്‍ക്ക് കൂടിയ നിരക്കുമായിരുന്നു ഈടാക്കിയിരുന്നത്. ഇത് പ്രകാരം ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് 3500നും 10,000നും ഇടയിലായിരുന്നു ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്നും വാങ്ങിയിരുന്നത്.
പരിധി പിന്‍വലിച്ചുള്ള കേന്ദ്ര തീരുമാനം ഭാവിയില്‍ വ്യോമയാന രംഗത്തെ പുരോഗതിയ്ക്ക് ഗുണം ചെയ്യുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്ധനത്തിന്റെ ദിവസേനയുള്ള ആവശ്യകതയും നിരക്ക് വര്‍ധനയും കണക്കിലെടുത്താണ് പരിധി പിന്‍വലിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.