നിതീഷിന്റെ മുന്നണി മാറ്റം: ദേശീയ തലത്തിലും ബിജെപിക്ക് പ്രതിസന്ധിയാകും

നിതീഷിന്റെ മുന്നണി മാറ്റം: ദേശീയ തലത്തിലും ബിജെപിക്ക് പ്രതിസന്ധിയാകും

കുശാഗ്ര ബുദ്ധിയുടെ കാര്യത്തില്‍ രാജ്യത്തെ എണ്ണം പറഞ്ഞ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. അതുകൊണ്ടു തന്നെയാണ് അംഗ ബലത്തില്‍ ജെ.ഡി.യു ബിഹാറിലെ മൂന്നാമത്തെ പാര്‍ട്ടിയാണെങ്കിലും നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അടക്കം എതിര്‍ ചേരിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി അധികാരം പിടിച്ചെടുക്കുന്ന തന്ത്രം വിജയകരമായി ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ബിജെപിക്ക് അപ്രതീക്ഷിത പ്രഹരമാണ് നിതീഷ് കുമാര്‍ കൊടുത്തത്. ബിജെപി ബാന്ധവം തുടരുന്നതിലെ അപകടം തിരിച്ചറിഞ്ഞതിനൊപ്പം ചില 'ദേശീയ മോഹങ്ങളും' നിതീഷിന്റെ ചടുല നീക്കങ്ങള്‍ക്കു പിന്നിലുണ്ട്.

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയതു പോലെ ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡിനെ പിളര്‍ത്താനുള്ള ബിജെപി നീക്കം കാലേ കൂട്ടി കണ്ട അദ്ദേഹം കാവിരാഷ്ട്രീയ ചാണക്യന്‍മാരെ പോലും ഞെട്ടിച്ച് മറുനീക്കം നടത്തുകയായിരുന്നു. ജെ.ഡി.യു മുന്നണി വിട്ടത് വഴി ബിജെപിക്കുണ്ടായ നഷ്ടം ബിഹാറില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യസഭയില്‍ ബി.ജെ.പി കൂടുതല്‍ പരുങ്ങലിലായി എന്നതാണ് പ്രധാനം.

ലോക്‌സഭ പാസാക്കുന്ന സുപ്രധാന നിയമ നിര്‍മാണങ്ങള്‍ രാജ്യസഭ കടക്കണമെങ്കില്‍ ഇനി ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെ നിശ്ചയമായും ആശ്രയിക്കണം. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ബി.ജെ.പിയെ സഹായിക്കുന്നവരാണ് ഈ പാര്‍ട്ടികളെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍ഡിഎ ഘടക കക്ഷികളല്ലാത്ത അവര്‍ ബലം പിടിച്ചാല്‍ ബിജെപിക്ക് കീഴടങ്ങേണ്ടി വരും.

ഉപാധ്യക്ഷന്‍ ഹരിവംശ് അടക്കം രാജ്യസഭയില്‍ ജെ.ഡി.യുവിന് അഞ്ച് അംഗങ്ങളുണ്ട്. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 91 അംഗങ്ങളാണുള്ളത്. നാല് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍, രണ്ട് സ്വതന്ത്രര്‍ എന്നിവരടക്കം ആകെ 110 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷത്തിന് 123 അംഗങ്ങള്‍ വേണം.

ഇവിടെയാണ് ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പ്രാദേശിക പാര്‍ട്ടികളുടെ സഹകരണം വേണ്ടി വരുന്നത്. രണ്ടു പാര്‍ട്ടികള്‍ക്കും ഒമ്പത് എം.പിമാര്‍ വീതമുണ്ട്. ഇവരില്‍ ഏതെങ്കിലുമൊരു പാര്‍ട്ടി മുഖം തിരിച്ചാലും പ്രതിസന്ധി ഉടലെടുക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ജെഡിയു കളം മാറിയതോടെ ബിഹാറിലെന്നല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയും ജന സ്വാധീനമുള്ള ഘടക കക്ഷികള്‍ ബിജെപിക്ക് ഇല്ലാതായി എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രതിസന്ധി. നിതീഷിന്റെ ചേരി മാറ്റത്തോടെ ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവ വീണ്ടും കരുത്താര്‍ജിക്കുകയാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ ആം ആദ്മിയും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും ശക്തരായ എതിരാളികള്‍ തന്നെയാണ്.

യു.പിയില്‍ ബി.എസ്.പി ഒപ്പമുണ്ടെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്ക് സീറ്റെണ്ണം വര്‍ധിപ്പിച്ച എസ്.പി ശത്രു പാളയത്തിലുണ്ട്. 2024 ല്‍ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക, തെലങ്കാന, ഡല്‍ഹി, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ സ്ഥാനങ്ങളിലും പ്രതിപക്ഷം ശക്തമാണ്. അതിനാല്‍ ഭരണത്തുടര്‍ച്ചയെന്ന ബിജെപി സ്വപ്‌നം പൂവണിയാന്‍ കടമ്പകള്‍ ഏറെയുണ്ട്. എന്നിരുന്നാലും പ്രതിപക്ഷ നിരയിലെ അനൈക്യത്തിലാണ് താമരപ്പാര്‍ട്ടിയുടെ കണ്ണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.