മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ വിവാഹിതരായ പെണ്‍ മക്കള്‍ക്കും അവകാശം: കര്‍ണാടക ഹൈക്കോടതി

മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ വിവാഹിതരായ പെണ്‍ മക്കള്‍ക്കും അവകാശം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: അപകടത്തില്‍ മരിച്ച മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹിതരായ ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നു ഹൈക്കോടതി ഓര്‍മിപ്പിച്ചു.

വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്.പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹുബ്‌ളിയില്‍ വാഹനാപകടത്തില്‍ മരിച്ച അന്‍പത്തിയേഴുകാരിയുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മകനും നഷ്ടപരിഹാരം തേടിയിരുന്നു. 5,91,600 രൂപ ആറു ശതമാനം പലിശയോടെ കുടുംബാംഗങ്ങള്‍ക്കു നല്‍കാനായിരുന്നു ട്രൈബ്യൂണല്‍ വിധി. എന്നാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് തുക നല്‍കാനാവില്ലെന്ന വാദം ഉയര്‍ത്തി കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹിതരായ പെണ്‍മക്കളെ ആശ്രിതര്‍ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തിയത്. എന്നാല്‍ ആശ്രിതര്‍ എന്നത് സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവര്‍ മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിങ്ങനെ പല വിധത്തിലും ആവാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനെ പണം കൊണ്ടു വിലയിരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.