ഓര്‍ഡിനന്‍സ് വെറും ഓലപ്പാമ്പ്: ലോകായുക്തയ്ക്ക് പഴയ പ്രതാപം; ദുരിതാശ്വാസ നിധിയില്‍ വിധി വന്നാല്‍ സര്‍ക്കാര്‍ കുടുങ്ങും

ഓര്‍ഡിനന്‍സ് വെറും ഓലപ്പാമ്പ്:  ലോകായുക്തയ്ക്ക് പഴയ പ്രതാപം; ദുരിതാശ്വാസ നിധിയില്‍ വിധി വന്നാല്‍ സര്‍ക്കാര്‍ കുടുങ്ങും

തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായത് സര്‍ക്കാരിന് ഭീഷണി ആയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള കേസിന്റെ വിധിയിലേക്ക് ലോകായുക്ത കടക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ വിധി വന്നതു പോലെ അഴിമതി തെളിഞ്ഞാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാല്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും അത് ഭീഷണിയാകും.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായത്. ഗവര്‍ണറെ മറികടക്കുന്നതിന് ഈ ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ ബില്ലുകളായി അവതരിപ്പിക്കാന്‍ ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. ഇതിനിടയില്‍ ദുരിതാശ്വാസ നിധി സംബന്ധിച്ച കേസില്‍ എതിരായ വിധിയുണ്ടായാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാകും.

കഴിഞ്ഞ മാര്‍ച്ചില്‍ ഹിയറിങ് പൂര്‍ത്തിയായ കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. വിചാരണ നടക്കുമ്പോഴാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍ എംഎല്‍എമാരുടെ കുടുംബത്തിനു സഹായം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗമായ ആര്‍.എസ്.ശശികുമാറാണ് ഹര്‍ജി നല്‍കിയത്.

അന്തരിച്ച എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കിയതും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപ നല്‍കിയതുമാണ് പരാതിയ്ക്കിടയാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കിയതിനു പുറമെ 20 ലക്ഷം രൂപ കുടുംബത്തിന് നല്‍കിയെന്നും പരാതിയുണ്ട്.

മന്ത്രിസഭ എടുത്ത കൂട്ടായ തീരുമാനം ലോകായുക്തയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കുമെന്ന ഒരു സന്ദേശമാണ് ഇതിലുടെ നല്‍കിയതെന്നും സര്‍ക്കാര്‍ അറ്റോര്‍ണി ടി.എ.ഷാജി വാദമുന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്നായിരുന്നു ലോകായുക്തയുടെ മറുപടി.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച ഘട്ടത്തില്‍ ലോകായുക്തയുടെ വിധി ഉടനെ ഉണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. എന്നാല്‍ വിധി വരികയും അത് എതിരാവുകയും ചെയ്താല്‍ സര്‍ക്കാരിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി ബോധ്യപ്പെട്ടാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. വിധി ആര്‍ക്കെതിരെയാണോ ആ വ്യക്തിയുടെ നിയമന അധികാരി വിധി അംഗീകരിക്കണം.

ഇവിടെയാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധി തള്ളാനോ കൊള്ളാനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. ഇതേ തുടര്‍ന്ന് വിധി പറയാതെ ലോകായുക്തയും ഉപലോകായുക്തയും കേസ് മാറ്റി വയ്ക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.