അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 12
പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയിലുള്ള ലെറിന്‍സ് ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ തിരുസഭയ്ക്ക് ദാനം ചെയ്തിട്ടുള്ളതാണ് ലെറിന്‍സ് ആശ്രമം. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്.
എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെറിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും സന്യാസാര്‍ത്ഥികളും കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.
ക്രൂരന്‍മാരായ അപരിഷ്‌കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള പദ്ധതിയിടുന്നതായി 732 ല്‍ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ഒട്ടും വൈകാതെ പൊര്‍ക്കാരിയൂസ് തന്റെ വിദ്യാര്‍ത്ഥികളെയും മുപ്പത്തിയാറോളം യുവ സന്യാസിമാരേയും ഒരു വഞ്ചിയില്‍ കയറ്റി സുരക്ഷിതമായി അയച്ചു.
അവിടെ വേറെ വഞ്ചിയൊന്നുമില്ലാതിരുന്നതിനാല്‍ മറ്റുളവരെയെല്ലാം അദ്ദേഹം തന്റെ പക്കല്‍ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തി. ആരും തന്നെ തങ്ങളെ ആ വഞ്ചിയില്‍ രക്ഷപ്പെടുത്താത്തതില്‍ പരാതിപ്പെട്ടില്ല. മറിച്ച്, തങ്ങള്‍ക്ക് ധൈര്യം പകരുവാന്‍ അവര്‍ ദൈവത്തോട് ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.
അധികം താമസിയാതെ സാരസെന്‍സ് എന്ന ക്രൂരന്മാര്‍ തങ്ങളുടെ കപ്പലുകള്‍ ആ തീരത്തടുപ്പിച്ചു. ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസ് പ്രവചിച്ചത് പോലെ തന്നെ അവര്‍ സന്യാസിമാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. വിശ്വാസത്താല്‍ നിറഞ്ഞിരുന്ന ആ സന്യാസിമാരാകട്ടെ പ്രാര്‍ത്ഥിക്കുകയും യേശുവിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പരസ്പരം ധൈര്യം പകരുകയും ചെയ്തു.
യാതൊരു ദയയുമില്ലാത്ത ക്രൂരന്‍മാരായിരുന്ന ആ ആക്രമികള്‍ തങ്ങളുടെ ഇരകളുടെ മേല്‍ ചാടി വീണ് നാല് പേരൊഴികെ മുഴുവന്‍ സന്യാസിമാരെയും വധിക്കുകയും ആ നാല് പേരെ അടിമകളായി കൊണ്ട് പോവുകയും ചെയ്തു. ഇപ്രകാരമാണ് ലെരിന്‍സ് ആശ്രമത്തിലെ വിശുദ്ധ പൊര്‍ക്കാരിയൂസും മറ്റ് സന്യാസിമാരും യേശുവിന്റെ ധീര രക്തസാക്ഷികളായി മാറിയത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സിസിലിയിലെ എവുപ്ലൂസ്
2. മിലാനിലെ എവുസെബിയൂസ്
3. ഇറ്റലി ബനവെന്തോയിലെ കാഡിയന്‍
4. നിക്കോമേഡിയായിലെ അനിസെറ്റൂസ്
5.ഫലേരിയായിലെ ഗ്രസീലിയാനും ഫെലിച്ചീസിമായും
6. റോമന്‍ രക്തസാക്ഷികളായ ലാര്‍ജിയോ, ക്രെഷന്‍സിയര്‍ നിമ്മിയാ, ജൂലിയാനാ, ഹിലാരിയ, ഡിഗ്‌നാ, എവുപ്രേപ്പിയ, എവുനോമിയ, ക്വിരിയക്കൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26