പാക് അധിനിവേശ കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് വിശേഷിപ്പിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട കെ.ടി ജലീല്‍ കുരുക്കില്‍

പാക് അധിനിവേശ കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് വിശേഷിപ്പിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട കെ.ടി ജലീല്‍ കുരുക്കില്‍

കൊച്ചി: ജമ്മു കാശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ്  ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്‍ മന്ത്രിയും മുന്‍ സിമി പ്രവര്‍ത്തകനുമായ കെ.ടി ജലീല്‍ കുരുക്കില്‍. പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നാണ് ജലീല്‍ കുറിപ്പില്‍ അഭിസംബോധന ചെയ്യുന്നത്. ശേഷിച്ച ഭാഗം ഇന്ത്യന്‍ അധീന കാശ്മീര്‍ ആണെന്നും ജലീല്‍ പറയുന്നു.

കാശ്മീര്‍ യാത്രയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍. കാശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാടിനു വിരുദ്ധമായി വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങളാണ് ഈ മുന്‍ സിമി പ്രവര്‍ത്തകന്‍ നടത്തുന്നത്. പാക് അനുകൂല മാധ്യമങ്ങളും ചില രാജ്യാന്തര മാധ്യമങ്ങളുമാണ് കശ്മീരീനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യന്‍ അനുകൂല കാശ്മീര്‍ എന്നും  വേര്‍തിരിച്ചു വിശേഷിപ്പിക്കുന്നത്.

ജലില്‍ കുറിപ്പില്‍ നിന്ന്:

''പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കാശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു.

സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കാശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.''

''രാജ്യവിഭജന കാലത്ത് കാശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നെഹ്‌റു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ എടുത്ത് കളഞ്ഞതിൽ ജനങ്ങള്‍ ദു:ഖിതരാണ്.''

ജലീലിന്റെ ഈ കുറിപ്പിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.