ഖത്തർ ലോകകപ്പ് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ തുടങ്ങും

ഖത്തർ ലോകകപ്പ് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ തുടങ്ങും

ദോഹ: ഖത്തർ ലോകകപ്പിന് ഇനി 100 നാളിന്‍റെ അകലം മാത്രം. നവംബർ 20 ന് ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പില്‍ പന്തുരുളും. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. നവംബർ 20 ന് വൈകീട്ട് 7 മണിക്ക് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. 

നേരത്തെ നവംബർ 21 നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അറബ് നാട്ടിലെ ആദ്യ ലോകകപ്പില്‍ ആതിഥേയ രാജ്യമായ ഖത്തറിന്‍റെ മത്സരം ആദ്യദിനം തന്നെ നടത്തണമെന്ന ഖത്തറിന്‍റെ ആവശ്യം ഫിഫ അംഗീകരിക്കുകയായിരുന്നു. 

നേരത്തെയുളള ഷെഡ്യൂള്‍ പ്രകാരം നവംബർ 21 ന് രാവിലെയും ഉച്ചയ്ക്കുമുളള മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ഖത്തറിന്‍റെ മത്സരം ഉദ്ഘാടനമത്സരമാക്കിയിരുന്നത്. വിശദമായ വിലയിരുത്തല്‍ നടത്തിയതിന് ശേഷമാണ് ഒരുദിവസം മുന്‍പേ ലോകകപ്പ് തുടങ്ങാന്‍ ഫിഫ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. 

പുതിയ മത്സര ക്രമം അനുസരിച്ച് 21 ന് ഉച്ചക്ക് 1 മണിക്ക് നടക്കേണ്ടിയിരുന്ന സെനഗല്‍-നെതർലന്‍റ് മത്സരം വൈകീട്ട് 7 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. നവംബ‍ർ 20 മുതല്‍ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.