തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രിമാര്‍ക്കും പുത്തന്‍ കാറുകൾ വാങ്ങുവാൻ 3.22 കോടി അനുവദിച്ച് ഉത്തരവിറങ്ങി. മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും. ഇതിനായി തുക അനുവദിച്ചു. പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും.
മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ദില്ലിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.
അതിന് മുൻപ് ജൂൺ മാസം അവസാനം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പിന്റെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം പഴക്കവും 86,000 കിലോ മീറ്ററും മാത്രം ഓടിയ കാർ മാറ്റുന്നതിൽ ധനവകുപ്പിന് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും എജിയുടെ ഉപയോഗത്തിനായി ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 1618000 രൂപയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ നീക്കിവെച്ചത്.
മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം 10 വാഹനങ്ങൾ വാങ്ങുന്നതിനെ ധനകാര്യ വകുപ്പ് എതിർത്തിരുന്നു. അഞ്ച് വാഹനങ്ങൾ വാങ്ങാൻ ആയിരുന്നു ധനകാര്യ വകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മന്ത്രിസഭാ യോഗത്തിൽ വച്ച് എടുപ്പിക്കുകയായിരുന്നു. മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കാർ വാങ്ങുന്നതിന് ഒരു ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.