കുഞ്ഞേട്ടന്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

കുഞ്ഞേട്ടന്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

പാലാ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകന്‍ പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെ പേരിലുള്ള സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ചെമ്മലമറ്റത്ത് നടന്ന ചടങ്ങില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്റ്റാമ്പ് പ്രകാശനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചങ്ങനാശേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് പി.എസ്. സതിമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കുഞ്ഞേട്ടന്‍ തീര്‍ത്ഥാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. കുഞ്ഞേട്ടന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ചെമ്മലമറ്റം പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് പ്രസംഗിച്ചു.

സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരകാനയില്‍, സംസ്ഥാന വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസ്‌നി എസ്ഡി, ജനറല്‍ സെക്രട്ടറി ജിനോ തകടിയേല്‍, ജനറല്‍ ഓര്‍ഗനൈസര്‍ അരുണ്‍ ജോസ് പുത്തന്‍പുരയില്‍, ഫാ. ജോസ് കുറുപ്പശേരി, സിസ്റ്റര്‍ ഡോണ ഒട്ടലാങ്കല്‍, ചാള്‍സ് ജോസഫ് കാരക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

1947 ഒക്ടോബര്‍ മൂന്നിന് കുഞ്ഞേട്ടനുള്‍പ്പെടെ ഏഴു പേര്‍ ചേര്‍ന്നു രൂപീകരിച്ച ചെറുപുഷ്പ മിഷന്‍ ലീഗെന്ന അത്മായ പ്രേഷിത സംഘടന ഇന്നു ലോകം മുഴുവന്‍ വളര്‍ന്ന് പന്തലിച്ച് ഫലം നല്‍കി നില്‍ക്കുകയാണ്. ഏറ്റവും വലിയ കത്തോലിക്കാ അല്‍മായ സംഘടനയായ മിഷന്‍ ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദൈവവിളി സ്വീകരിച്ച 40 മെത്രാന്മാരും, 4500 വൈദികരും, 36000 സന്യാസിനികളും മിഷന്‍ലീഗ് സംഘടനയില്‍ നിന്നും സമര്‍പ്പിത ജീവിതത്തിലേക്ക് കടന്നു വന്നവരാണ്.

മിഷന്‍ ലീഗിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു കുഞ്ഞേട്ടന്റേത്. 2009 ഒഗസ്റ്റ് രണ്ടിന് ചങ്ങനാശേരി പാറേല്‍ പള്ളിയുടെ മുന്‍പില്‍ വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നായിരുന്നു കുഞ്ഞേട്ടന്‍ ജീവന്‍ വെടിഞ്ഞത്.

1925 മാര്‍ച്ച് 19 നു ഭരണങ്ങാനം അമ്പാറ പല്ലാട്ടുകുന്നേല്‍ ഭവനത്തില്‍ എട്ടാം മാസത്തില്‍ പിറന്നു വീണ എബ്രാഹം പന്ത്രണ്ടു വയസു വരെ വളരെയധികം സഹനങ്ങളിലൂടെയും ബാലാരിഷ്ടതകളിലൂടെയുമാണ് കടന്നു പോയത്. ആ ബാല്യം മുഴുവന്‍ സ്‌കൂളില്‍ പോകാതെ അമ്മയുടെ പിന്നാലെ നടന്നിരുന്ന എബ്രാഹത്തിന്, ലിസ്യുവിലെ വി.കൊച്ചു ത്രേസ്യായുടെ കഥ പതിവായി അമ്മ പറഞ്ഞു കൊടുത്തിരുന്നു.

പതിമൂന്ന് വയസ് മുതല്‍ വി. അല്‍ഫോന്‍സാമ്മയെ അദ്ദേഹം അടുത്തറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി, അല്‍ഫോന്‍സാമ്മയുടെ ബാച്ചുകാരിയായിരുന്ന സി. റീത്തായെ കാണാന്‍ വരുമ്പോഴൊക്കെ അല്‍ഫോന്‍സാമ്മയെ കണ്ടിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ.

1946 ല്‍ അല്‍ഫോന്‍സാമ്മ മരിക്കുന്നതു വരെയുള്ള സൗഹൃദം യുവാവായ എബ്രാഹത്തിന്റെ ഉള്ളില്‍ ഒരു വലിയ മിഷണറിയെ രൂപപ്പെടുത്തിയിരുന്നു. മിഷനറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവരെ സഹായിക്കണമെന്നും എപ്പോഴും പറയുമായിരുന്ന അല്‍ഫോന്‍സാമ്മ നല്‍കിയ പ്രചോദനം ഏറ്റുവാങ്ങി തുടങ്ങിയതാണ് മിഷന്‍ ലീഗ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.