സ്വാതന്ത്ര്യദിന സമ്മാനമായി ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ തേടി ആശംസയെത്തി

സ്വാതന്ത്ര്യദിന സമ്മാനമായി ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ തേടി ആശംസയെത്തി

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ബഹിരാകാശത്തു നിന്നും ആശംസ. ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് സ്‌നേഹത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്.

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

2023 ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയാറെടുക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് ആശംസകള്‍ നേരുന്നെന്നാണ് ക്രിസ്റ്റോഫോറെറ്റി പറയുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പല പ്രമുഖരും ഷെയര്‍ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും വലിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.