ജലീല്‍ രാജ്യദ്രോഹിയെന്ന് ചെറിയാന്‍ ഫിലിപ്പ്; ആസാദ് കാശ്മീര്‍ എന്നത് ഒരു ഇന്ത്യാക്കാരനും പ്രയോഗിക്കാത്ത വാക്കെന്ന് വി.ഡി സതീശന്‍

ജലീല്‍ രാജ്യദ്രോഹിയെന്ന് ചെറിയാന്‍ ഫിലിപ്പ്; ആസാദ് കാശ്മീര്‍ എന്നത് ഒരു ഇന്ത്യാക്കാരനും പ്രയോഗിക്കാത്ത വാക്കെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ആസാദ് കാശ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ വി.ഡി സതീശനും ചെറിയാന്‍ ഫിലിപ്പും. മുസ്ലിം ലീഗിലും പിന്നീട് സി.പി.എമ്മിലും നുഴഞ്ഞു കയറിയ രാജ്യദ്രോഹിയാണ് ജലീലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

'പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും വിളിക്കുന്ന കെ.ടി ജലീലിനോട് രാജ്യസ്‌നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാകിസ്ഥാന്‍ വാദത്തിന് സമാന്തരമായി മലബാറില്‍ മാപ്പിളസ്ഥാന്‍ വാദമുയര്‍ത്തിയവരുടെ ആത്മീയ പിന്‍ഗാമിയാണ് ഇദ്ദേഹം.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീല്‍. മുഗള്‍ രാജാക്കളില്‍ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീല്‍ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളില്‍ പലതും വര്‍ഗിയ വിഷം പുരണ്ടതാണ്'- ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ആസാദ് കാശ്മീര്‍ എന്നത് ഒരു ഇന്ത്യാക്കാരനും പ്രയോഗിക്കാത്ത വാക്കാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണോ ഇത്തരമൊരു പദപ്രയോഗമെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

'പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ കുറിച്ച് അവര്‍ നയതന്ത്ര വേദികളില്‍ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് 'ആസാദ് കാശ്മീര്‍' എന്നത്. ആ വാക് പ്രയോഗമാണ് ജലീല്‍ നടത്തിയത്. നമ്മുടെ കാശ്മീരിനെ കുറിച്ച് ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നതും പാകിസ്ഥാന്റെ പ്രയോഗമാണ്.

പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീരിനെ ഇന്ത്യ, പാക് അധീന കാശ്മീര്‍ എന്നാണ് വിളിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ജലീല്‍ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. അറിവില്ലായ്മ കൊണ്ട് തെറ്റ് പറ്റിയതാണെങ്കില്‍ ജലീല്‍ അവ പിന്‍വലിച്ച് പൊതുജനത്തോട് മാപ്പ് പറയണം' - വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.